കാശ്മീരിൽ 150 വിഘടനവാദി നേതാക്കളെ ജയിലിലടച്ചു; യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നു

single-img
24 February 2019

കശ്മീരിന്‍റെ പ്രത്യേകപദവി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈയാഴ്ച പരിഗണിക്കാനിരിക്കെ കാശ്മീരിൽ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നു. നൂറ്റിയന്‍പതില്‍പ്പരം വിഘടനവാദി നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തതത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ അനുച്ഛേദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടെടുത്തേക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്. പ്രത്യേക പദവി എടുത്തുക്കളയുന്ന ഏത് നീക്കവും തടയുമെന്ന് വിഘടനവാദി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

നൂറ് കമ്പനി അര്‍ധസൈന്യത്തെ അധികമായി താഴ്‍വാരത്ത് വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലെ ഭൂരിഭാഗം മേഖലകളിലും നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ബന്ദിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കശ്മീരികളെ ഭീതിയിലാഴ്ത്തി പീഡിപ്പിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചോദിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനാണോ ശ്രമമെന്നും മുഫ്തി ട്വിറ്ററില്‍ ആരാഞ്ഞു.

അതേസമയം, എല്ലാ സര്‍ക്കാര്‍ ആശുപത്രികളും മരുന്നുകള്‍ അടിയന്തരമായി ശേഖരിച്ച് സൂക്ഷിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കൂടാതെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ മൂന്ന് സേനാവിഭാഗങ്ങളുടെ തലവന്മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും, തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്ന് ജമ്മു കശ്മീര്‍ രാജ്ഭവന്‍ അറിയിച്ചത്.