ഇന്ത്യക്കെതിരെ വീരവാദം മുഴക്കുന്നതിനിടെ പാക് വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് തുടരുന്നു: ഭയന്ന് പാകിസ്ഥാന്‍

single-img
23 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിലാണ് പാക്കിസ്ഥാന്‍. ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി പാക്കിസ്ഥാന്‍ സൈന്യം രംഗത്തെത്തുകയും ചെയ്തിരുന്നു.

യുദ്ധം ഉണ്ടായാല്‍ ഇന്ത്യക്ക് സംഭ്രമിപ്പിക്കുന്ന മറുപടി നല്‍കും. തങ്ങള്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒന്ന് ഉറപ്പ് നല്‍കുകയാണ്. എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ നിങ്ങള്‍ക്ക് ഞങ്ങളെ അതിശയിപ്പിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും നിങ്ങളെ പാക്കിസ്ഥാന്‍ അതിശയിപ്പിക്കുമെന്നും മുഖ്യ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞിരുന്നു.

എന്നാല്‍ പാക്കിസ്ഥാന്റെ ഈ വീരവാദം അവര്‍ ഇന്ത്യയെ ഭയക്കുന്നു എന്നതിന്റെ തെളിവാണെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പാക് വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പാകിസ്ഥാന്‍.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനീസ് നിര്‍മ്മിത പോര്‍വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചത്. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയില്‍ നിന്നു വാങ്ങിയ എഫ്7പി.ജി പോര്‍വിമാനം തകര്‍ന്നു വീണത്. ചൈനയുടെ ഉറ്റതോഴനായ പാകിസ്ഥാനാണ് ഏറ്റവും കൂടുതല്‍ പോര്‍ വിമാനങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയത്.

കഴിഞ്ഞ 17 വര്‍ഷത്തിനിടെ ചൈനയില്‍ നിന്നു വാങ്ങിയ 13 എഫ്7പിജി പോര്‍വിമാനങ്ങളാണ് തകര്‍ന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദുരന്തങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കുന്നുണ്ട്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍ക്കാന്‍ ചൈനയും തയാറാകുന്നില്ല.

ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാകിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്. 2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാകിസ്ഥാന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു.

പാകിസ്ഥാന്‍ വ്യോമസേനയുടെ എഫ്7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതും പതിവ് വാര്‍ത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാകിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.

ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍.

യുദ്ധം മുന്നില്‍ കണ്ട് ബലൂചിസ്ഥാനിലെ സൈനിക നേതൃത്വം സമീപത്തെ ജിലാനി ആശുപത്രി അധികൃതരോട്, അടിയന്തര സാഹചര്യത്തില്‍ പട്ടാളക്കാരെ ചികില്‍സിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങണമെന്നാവശ്യപ്പെട്ടിരുന്നു.