മികച്ച നടനുള്ള മത്സരം മോഹന്‍ലാലും ജയസൂര്യയും ഫഹദും തമ്മില്‍?

single-img
23 February 2019

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പട്ടികയില്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ജയസൂര്യയും അവസാന റൗണ്ടിലെന്ന് സൂചന. ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മോഹന്‍ലാലും, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും, ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യം തമ്മില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്‌കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്‌നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

അതേസമയം ജയസൂര്യയാകും മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുകയെന്ന പ്രവചനവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ പേരിലാകും ജയസൂര്യ പുരസ്‌കാരം സ്വന്തമാക്കുകയെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ അഭിനയിച്ച രാജാമണിക്ക് പരാമര്‍ശം എങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

വിനയന്റെ കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍

ക്യാപ്റ്റനിലേയും ഞാന്‍ മേരിക്കുട്ടിയിലേയും അഭിനയം ഗംഭീരമാക്കിയ ജയസൂര്യക്കായിരിക്കും
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. ഒന്നു രണ്ടു തവണ ഈ അവാര്‍ഡ് കൈവിട്ടു പോയ ജയന് ഈ പ്രാവശ്യം അതു ലഭിച്ചാല്‍ വളരെ സന്തോഷം..അതുപോലെ തന്നെ തന്റെ ആദ്യചിത്രമായ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തി മനോഹരമാക്കിയ രാജാമണിക്ക് പുതുമുഖനടനെന്ന നിലയില്‍ ഒരു പരാമര്‍ശമെന്‍കിലും ലഭിക്കുമെന്നും ഞാന്‍പ്രതീക്ഷിക്കുന്നു…