‘പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് നോക്കട്ടെ’: മോദി

single-img
23 February 2019

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരികളെ സംരക്ഷിക്കുകയെന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് മോദി പറഞ്ഞു. കശ്മീര്‍ സംരക്ഷിക്കാനാണ് ഇന്ത്യയുടെ പോരാട്ടം. കശ്മീരികള്‍ക്കെതിരെയല്ല.

ഭീകര ഭീഷണിയുടെ പേരില്‍ കശ്മീരിലെ യുവാക്കളും അസ്വസ്ഥരാണ്. പാക്കിസ്ഥാന്‍ മാറിയെന്ന് അവകാശപ്പെടുന്ന ഭരണ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്നതാണ് പുല്‍വാമ ഭീകരാക്രമണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉന്നമിട്ട് മോദി പറഞ്ഞു.

പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച് പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നുവെന്ന് മോദി വ്യക്തമാക്കി.

അന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത് അദ്ദേഹം പറയുന്ന വാക്കുകളില്‍ ഉറച്ച് നില്‍ക്കുമെന്നായിരുന്നു. പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് പരിശോധിക്കപ്പെടുന്ന സമയമാണിത്. പാക് പ്രധാനമന്ത്രി ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.