ഗാംഗുലിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം: തുറന്നടിച്ച് മിയാന്‍ദാദ്

single-img
23 February 2019

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍നിന്നു പിന്‍മാറാനുള്ള ബിസിസിഐ നീക്കം വിഡ്ഢിത്തവും ബാലിശവുമാണെന്ന് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനെ ലോകകപ്പില്‍നിന്ന് വിലക്കണമെന്ന് ഇന്ത്യ ഐസിസിയോട് ആവശ്യപ്പെട്ടാലും അതു നടക്കാന്‍ പോകുന്നില്ലെന്നും മിയാന്‍ദാദ് അഭിപ്രായപ്പെട്ടു.

‘ബിസിസിഐ നടത്തുന്ന ബാലിശമായ നീക്കം ഒരു കാരണവശാലും ഐസിസി അംഗീകരിക്കില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ യോഗ്യത നേടിയ ടീമുകള്‍ക്കെല്ലാം പങ്കെടുക്കാമെന്നാണ് ചട്ടം. പിന്നെ എങ്ങനെയാണ് പാക്കിസ്ഥാനെ ഐസിസി വിലക്കുക?’ മിയാന്‍ദാദ് ചോദിച്ചു.

പാക്കിസ്ഥാനെതിരായ മല്‍രത്തില്‍നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ രൂക്ഷമായ ഭാഷയിലാണ് മിയാന്‍ദാദ് വിമര്‍ശിച്ചത്. ‘സൗരവിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മോഹമുണ്ടെന്നു തോന്നുന്നു. അല്ലെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം കാണും. അതാണ് അനാവശ്യ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഭീരുക്കളായ ഇന്ത്യ എന്തു ചെയ്യുന്നുവെന്നു നോക്കാതെ വളര്‍ച്ചയുടെ പാതയില്‍ മുന്നേറാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടത്’ – മിയാന്‍ദാദ് പറഞ്ഞു.