കൊച്ചിയില്‍ പലയിടങ്ങളിലും രൂക്ഷമായ പുകശല്യം; സൂക്ഷിക്കണമെന്ന് വിദഗ്ധര്‍; അട്ടിമറി സംശയമുന്നയിച്ച് മേയര്‍

single-img
23 February 2019

കൊച്ചി നഗരത്തിന്റെ പലയിടങ്ങളിലും പുകശല്യം. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. വൈറ്റില, കടവന്ത്ര, മരട്, ചമ്പക്കര, അമ്പലമുകള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിക്കുന്നത്. കണ്ണെരിച്ചിലും അസ്വസ്ഥതകളും മൂലം നിരവധി പേര്‍ ചികില്‍സ തേടി. തീ 17 മണിക്കൂറായിട്ടും കെടുത്താനായില്ല. ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇപ്പോഴും തീയുണ്ട്.

പ്ലാസ്റ്റിക് മാലിന്യക്കൂന പൂര്‍ണ്ണമായും കത്തിയത് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുവെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാലു ഭാഗത്തു നിന്നുതീ പടരുകയായിരുന്നു. ഇത് ആസൂത്രിതമാണോ എന്ന് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിന് പരാതി നല്‍കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേഷന്‍ തീപ്പിടത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം വേണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഭാഗത്ത് മാത്രമല്ല തീപിടിച്ചത്. പല ഭാഗത്ത് നിന്നാണ് തീപിടിച്ചത്. ഭൂമാഫിയ പ്ലാന്റ് നീക്കം ചെയ്യാനായി തീയിട്ടതാവുമെന്നാണ് കോര്‍പ്പറേഷന്റെ സംശയം.

അതേസമയം മാലിന്യം അളവില്‍ കൂടുതലായതിനാല്‍ കോര്‍പ്പറേഷന്‍ തന്നെ തീയിട്ടതാവാമെന്ന് നാട്ടുകാരില്‍ ചിലരും ആരോപിക്കുന്നു. വൈകിട്ട് നാലു മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപ്പിടിത്തം ഉണ്ടായത്.

ഇങ്ങനെ അസ്വാഭാവികമായി തീ പടര്‍ന്നത് മൂലം ഫയര്‍ എഞ്ചിനുകള്‍ പോലും സ്ഥലത്തേക്ക് എത്തിക്കാന്‍ ഏറെ പണിപ്പെട്ടു. തീ പടരുന്ന ഭാഗങ്ങളില്‍ നിന്ന് മാലിന്യം കോരിമാറ്റി തീ നിയന്ത്രിക്കാന്‍ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികള്‍ എത്തിക്കാനും തുടക്കത്തില്‍ കഴിഞ്ഞില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം. ഇവിടെ ജനുവരിയില്‍ രണ്ടു തവണ തീപ്പിടിത്തമുണ്ടായിരുന്നു.