‘വഴി മാറെടാ..’; പൊലീസിനോട് പൊട്ടിത്തെറിച്ച് പെണ്‍കുട്ടി: കാസര്‍കോട് സിപിഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത പ്രതിഷേധം

single-img
23 February 2019

പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.പി പി.കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. കല്യോട്ട് രാവിലെ ഒന്‍പതോടെയാണ് സിപിഎം നേതാക്കള്‍ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

‘കുഴിമാന്താന്‍ വന്നതാണെങ്കില്‍ അതുപറയണം. കൊന്നിട്ടല്ല പാര്‍ട്ടിയുണ്ടാക്കേണ്ടത്. ഞങ്ങള്‍ക്ക് ഇനിയുമുണ്ട് ആണ്‍കുട്ടികള്‍. അവര്‍ക്കും ജീവിക്കേണ്ടേ…. അതോ അവരെയും കൊല്ലനാണോ ലക്ഷ്യം..’ ഇങ്ങനെ രോഷം അണപൊട്ടിയ വാക്കുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ നേതാക്കളും ഒപ്പം നാട്ടുകാരും അമ്പരന്നു.

വഴിമാറെടാ..നിങ്ങളൊക്കെ അങ്ങോട്ട് മാറി നില്‍ക്കെടാ..’ തന്നെ തടഞ്ഞ പോലീസുകാരോട് ഒരു പെണ്‍കുട്ടി തട്ടിക്കയറി. റോഡില്‍ കിടന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത് നീക്കിയശേഷമാണ് സി.പി.എം സംഘത്തിന് സന്ദര്‍ശനം നടത്താനായത്.

അതേസമയം സിപിഎം വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് ഉണ്ടായതെന്ന് കരുണാകരന്‍ എംപി ഫറഞ്ഞു. ‘പാര്‍ട്ടി ഓഫീസ് പൂര്‍ണ്ണമായും അഗ്‌നിക്കിരയാക്കി. അതിന് സമീപമുള്ള സോഡാ ഫാക്ടറി തകര്‍ത്തു. പാര്‍ട്ടി ഓഫീസ് കത്തിയെരിയുന്നത് തടയാന്‍ അടുത്ത വീട്ടിലെ സ്ത്രീകള്‍ ശ്രമിച്ചിരുന്നു.

അവരുടെയുംവീടുകള്‍ ആക്രമിച്ചു. പെരിയബസാറിലുള്ള വീടുകള്‍ ആക്രമിക്കപ്പെട്ടു. കല്ല്യോട്ട് സന്ദര്‍ശിക്കാന്‍ വൈകിയാണ് വന്നത്. രണ്ട് പേര്‍ കൊലചെയ്യപ്പെട്ട സ്ഥലത്ത് പോകുമ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചത് പോലീസ് നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. പോലീസ് നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം വൈകിയത്,’പി കരുണാകരന്‍ എംപി പറഞ്ഞു.

പാര്‍ട്ടി അനുഭാവികളുടെവീടുകള്‍, പെട്ടിക്കടകള്‍ ഇവയെല്ലാം ഭീകരമായി അക്രമിക്കപ്പെട്ടെന്നും എംപി പറഞ്ഞു. ‘ശാസ്താ ഗംഗാധരന്റെ വീട്ടില്‍ നിന്ന് 16പവന്‍ മോഷ്ടിക്കപ്പെട്ടു. ഓമനക്കുട്ടന്റെ വീടിന് അഞ്ച് ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കേസിലെ പ്രതിയായ പീതാംബരന്റെ വീട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു.

അമ്മയെയും മകളെയും മര്‍ദ്ദിച്ചു. കല്ല്യോട്ട് എകെജി മന്ദിരം തകര്‍ക്കപ്പെട്ടു. കല്ല്യോട്ട് കോണ്‍ഗ്രസ്സുകാര്‍ കൂടുതലുള്ള പ്രദേശമാണ്. ഇവിടെപാര്‍ട്ടി ഓഫീസുണ്ടാക്കാനുള്ള ശ്രമത്തെ കോണ്‍ഗ്രസ്സ് ചെറുത്തിരുന്നു. പാര്‍ട്ടി ഓഫീസിന്റെ തറക്കല്ല് വരെ പണ്ട് കോണ്‍ഗ്രസ്സ് എടുത്തുമാറ്റിയിരുന്നു.

ആ പാര്‍ട്ടി ഓഫീസാണ് തകര്‍ത്തത്. വായനശാല തകര്‍ത്തു. വായനശാലകളാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളില്‍ ഏറ്റവും അധികം തകര്‍ക്കപ്പെട്ടത്. എച്ചിലടക്കത്ത് നായനാരുടെ പേരിലുള്ള വെയിറ്റിങ് ഷെഡ്ഡ് തീയിട്ടു. വായനശാലയും തകര്‍ത്തു’,കരുണാകരന്‍ എംപി കൂട്ടിച്ചേര്‍ത്തു