കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

single-img
23 February 2019

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്ന് പുലർച്ചെയോടെ കാസർകോട്ടെത്തിയ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സിഎം പ്രദീപും മറ്റ് അംഗങ്ങളുമാണ് കേസ് രേഖകളും ഫയലുകളും പരിശോധിച്ചത്. ഉച്ചയോടെ അന്വേഷണം നേരത്തെ രൂപീകരിച്ച പ്രത്യേക സംഘം ക്രൈം ബ്രാഞ്ചിന് കൈമാറി. മറ്റു ഉദ്യോഗസ്ഥരെല്ലാം എത്തി തിങ്കളാഴ്ചമുതൽ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാനാണ് നീക്കം.

അതേസമയം കൃപേഷിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ സോഷ്യൽ മീഡിയയിൽ കൊലവിളി നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. കേസിലെ അഞ്ചാം പ്രതി അശ്വിന്‍റെ സഹോദരൻ കൃപേഷിന്റെ ഫോട്ടോ സഹിതം പെരിയയിലെ സഖാക്കൾ എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇവൻ കല്ലിയോട്ടെ നേർച്ചക്കോഴി എന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് ശേഷം ഇതെല്ലാം ഡിലീറ്റ് ചെയുകയായിരുന്നു.

എല്ലാ തെളിവുകളും വച്ച് പൊലീസിലും സൈബർ സെല്ലിലും പരാതിയും നൽകിയെങ്കിലും പക്ഷെ കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ക്രൈംബ്രാഞ്ചിന്‍റെ തുടര്‍ അന്വേഷണത്തില്‍ ഈ തെളിവുകളെല്ലാം വീണ്ടും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍.