പ്രതിഷേധത്തിനു മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; ആസാം റൈഫിൾസിനു നല്‍കിയ അമിത അധികാരം പിൻവലിച്ചു

single-img
23 February 2019

ആസാം റൈഫിൾസിനു കൂടുതൽ അധികാരം നല്‍കുന്ന വിവാദ ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെയും മജിസ്ട്രേട്ടിന്റെയും അനുമതി ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യുവാനും വാറണ്ടില്ലാതെ എവിടെയും പരിശോധിക്കാനുമുള്ള അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവാണ് പിൻവലിച്ചത്.

പൗരത്വ ഭേതഗതി ബില്ലിനെതിരായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിൽ അത് അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ആസാം റൈഫിൾസിനു കൂടുതൽ അധികാരം നൽകിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആസാം റൈഫിൾസിനു കൂടുതൽ അധികാരം നൽകിയതിനെതിരെ ആസാം നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിൽ സൈനികഭരണം ഏർപ്പെടുത്താനാണ് സർക്കാർ ശ്രമം എന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.

ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് ആസാം റൈഫിൾസിലെ ഈ സവിശേഷ അധികാരം കേന്ദ്ര സർക്കാർ നൽകിയിരുന്നു. സിആർപിസി യുടെ 41, 47, 48, 49, 53, 54, 149, 150, 151, 152 സെക്ഷനുകളിലെ അധികാരങ്ങളാണ് അസം റൈഫിള്‍സിന് നല്‍കിയിരിക്കുന്നത്.