ഇന്ത്യ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിനെ രാജ്യദ്രോഹിയാക്കി അര്‍ണബ് ഗോസ്വാമി; അർണാബിനെ നാണം കെടുത്തി അതിഥികൾ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി

single-img
23 February 2019

ഇന്ത്യ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറേയും സച്ചിന്‍ ടെന്‍ഡുല്‍ക്കറേയും അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി. ക്രൂരമായ പരാമർശത്തെത്തുടർന്ന് ചർച്ചയിൽ പങ്കെടുത്തു കൊണ്ടിരുന്ന അതിഥികൾ അതിൽ നിന്നും ഇറങ്ങിപ്പോയി.

റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷണല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനേയും ഗവാസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്. ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിതെന്നും സച്ചിന്‍ മുമ്പ്  പറഞ്ഞിരുന്നു. സമാന അഭിപ്രായമായിരുന്നു ക്രിക്കറ്റ് ഇതിഹാസമായ സുനിൽ ഗവാസ്കറിനുമുണ്ടായിരുന്നത്.

എന്നാല്‍ ഇരുവരേയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു അര്‍ണബിന്റെ വെള്ളിയാഴ്ചത്തെ ചാനല്‍ ചര്‍ച്ച.

സച്ചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്താനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്. ഗവാസ്‌കറാണ് ഇക്കാര്യം രണ്ടാമത് പറയേണ്ടത്. ഇവര്‍ രണ്ട് പേരും പറയുന്നത് നമുക്ക് രണ്ട് പോയന്റ് വേണമെന്നാണ്. രണ്ട് പേരുടേയും നിലപാട് തെറ്റാണ്- അർണാബ് പറഞ്ഞു.

നമുക്ക് രണ്ട് പോയന്റിന്റെ ആവശ്യമില്ല, മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. സച്ചിന് രണ്ട് പോയന്റുകളുണ്ടാക്കി അത് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാം.- അർണാബ് ചർച്ചയിൽ പറഞ്ഞിരുന്നു.

ഇതിനെതുടർന്നാണ് അര്‍ണബിന്റെ വാദങ്ങളോട് യോജിക്കാനാകില്ലെന്നും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞത്. ആം ആദ്മി നേതാവ് അശുതോഷും അര്‍ണബിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ചു.

നിങ്ങള്‍ സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. ഗവാസ്‌കറെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു.’- ചര്‍ച്ച ബഹിഷ്‌കരിക്കവേ കുല്‍ക്കര്‍ണി പറഞ്ഞു.

‘നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയത്ത് ഡോക്യുമെന്ററി ഷൂട്ടിങ്ങിലായിരുന്നു. അതിനെ എന്തുകൊണ്ട് ചോദ്യംചെയ്യുന്നില്ല’-അശുതോഷ് ചോദിച്ചു.