ശബരിമല കര്‍മസമിതിക്ക് ഹൈക്കോടതിയുടെ ഇരുട്ടടി; നേതാക്കള്‍ വെട്ടില്‍

single-img
22 February 2019

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിലവ് ശബരിമല കര്‍മസമിതിയുടെ നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്കുള്ള പരിഹാരം അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും കാസര്‍കോട് യുഡിഎഫ് ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്ന ഉത്തരവിനൊപ്പമാണ് ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിലെ നഷ്ടവും ഭാരവാഹികളില്‍ നിന്ന് ഈടാക്കണം എന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് രൂപീകരിച്ച സമര സംഘടനയാണ് ശബരിമല കര്‍മസമിതി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

മാതാ അമൃതാനന്ദമയിയാണ് ശബരിമല കര്‍മസമിതി രക്ഷാധികാരികളില്‍ ഒരാള്‍. പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാര്‍ വര്‍മ്മ, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി, കൊളത്തൂര്‍ മഠാധിപതി ചിദാനന്ദപുരി തുടങ്ങിയവരും രക്ഷാധികാരികളാണ്. കര്‍ണാടക ഹൈക്കോടതി റിട്ട. ജസ്റ്റിസ് എന്‍. കുമാറാണ് സമിതി ദേശീയ അദ്ധ്യക്ഷന്‍.

മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും ഉപാദ്ധ്യക്ഷന്മാരാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ സമിതിയംഗമാണ്. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവര്‍ സമിതിയിലുണ്ട്.

38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളുമാണ് ഹര്‍ത്താല്‍ അക്രമങ്ങളില്‍ നശിപ്പിക്കപ്പെട്ടതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഹര്‍ത്താല്‍ അക്രമങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് കേസുകളാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.

നഷ്ടപരിഹാരം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ് വന്നത്. ഇതോടെശ ബരിമല കര്‍മസമിതിയുടെ മുഴുവന്‍ നേതാക്കളുടെ പേരിലും കേസെടുക്കേണ്ടിവരും.