യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല; ജനങ്ങള്‍ക്കു മുന്നില്‍ തലകുനിക്കുന്നു; മുഖ്യമന്ത്രി

single-img
22 February 2019

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അത്യന്തം ഹീനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും വ്യക്തമാക്കി.

കാസര്‍കോട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു കാര്യം ഏറ്റെടുക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്.

ഇത്തരം ആളുകള്‍ക്ക് പാര്‍ട്ടിയുടെ ഒരു പരിരക്ഷയും ലഭിക്കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പൊലീസുകാര്‍ക്ക് ഇതിന് വേണ്ട കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊലപാതകത്തിന് ശേഷം നാട്ടില്‍ മറ്റനേകം കാര്യങ്ങള്‍ നടന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ക്രമിനലുകള്‍ നാട്ടില്‍ അഴിഞ്ഞാടിയിട്ടുണ്ട്. അതിനെയൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരെ പ്രാത്സാഹിപ്പിച്ചാലും സംരക്ഷിച്ചാലും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

കാരണം നിയമം നിയമത്തിന്റെ വഴിക്കുപോകും. അതിന് യാതൊരുവിധത്തിലുള്ള പക്ഷഭേദവും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് സി.പി.എം ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന സമയമാണിത്. സി.പി.എമ്മിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. സി.പി.എമ്മിനെതിരെ കടുത്ത രീതിയില്‍ ആക്രമണം അഴിച്ചവിട്ടത് കോണ്‍ഗ്രസാണെന്നും ഇടതുപക്ഷം ശക്തി പ്രാപിക്കുന്നത് പിന്തിരിപ്പന്‍ ശക്തികള്‍ ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.