ഹാര്‍ദിക് പാണ്ഡ്യയെ ഓസീസിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി

single-img
22 February 2019

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ട്വന്റി 20 പരമ്പരകള്‍ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഓസീസിനെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി.

ഏകദിന ടീമിലേക്ക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം ട്വന്റി 20 ടീമിലെ പാണ്ഡ്യയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മാറാനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കണ്ടീഷനിങ് ക്യാമ്പില്‍ പാണ്ഡ്യ ഈയാഴ്ച തന്നെ എത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിനിടെയും പാണ്ഡ്യയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കുറച്ചു കാലം ടീമിന് പുറത്തായിരുന്ന താരം ഓസീസ് പര്യടനത്തിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ അതിനിടെ കോഫീ വിത്ത് കരണ്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതോടെ പാണ്ഡ്യയെ സസ്‌പെന്‍ഡ് ചെയ്ത ബി.സി.സി.ഐ ഓസീസ് പര്യടനത്തില്‍ നിന്ന് താരത്തെ തിരിച്ചുവിളിക്കുകയും ചെയ്തു.

പിന്നീട് വിലക്ക് നീങ്ങി ന്യൂസിലന്‍ഡ് പര്യടനത്തിലാണ് താരം കളിച്ചത്. പരമ്പരയില്‍ മോശമല്ലാത്ത പ്രകടനവും താരം കാഴ്ച വെച്ചിരുന്നു. ലോകകപ്പിന് നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാണ്ഡ്യക്കു വീണ്ടും പരിക്കേറ്റത് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്നുണ്ട്.