കുവൈത്തില്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കും

single-img
22 February 2019

കുവൈത്തിലെത്തുന്ന വിദേശികളുടെ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് ഒഴിവാക്കും. പകരം സിവില്‍ ഐഡി കാര്‍ഡില്‍ റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനം പൂര്‍ണമായും യന്ത്രവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.

ഇതു സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്.ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജാറ അല്‍ സബാഹ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി താമസാനുമതികാര്യ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു.

നിലവില്‍ റസിഡന്‍സി വിവരം പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കാറുണ്ട്. ഓരോ തവണ ഇഖാമ പുതുക്കുമ്പോഴും സ്റ്റിക്കര്‍ പതിക്കുന്നതിന് പാസ്‌പോര്‍ട്ടിലെ പുതിയ പേജ് ഉപയോഗിക്കേണ്ടതായും വരും. പുതിയ സംവിധാനത്തെക്കുറിച്ചു വ്യാപകമായ ബോധവല്‍ക്കരണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

വിദേശികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമകള്‍ പിടിച്ചുവക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് താമസാനുമതികാര്യ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി പറഞ്ഞു. സ്റ്റിക്കര്‍ ഒഴിവാക്കുന്നതോടെ കടലാസ് ഉപയോഗം കുറയുമെന്നതാണ് മറ്റൊരു നേട്ടം.