യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിൽ നിന്നും അവസാന നിമിഷം പിൻമാറിയ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

single-img
22 February 2019

കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിൽ നിന്നും അവസാനനിമിഷം പിൻമാറി മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തുന്നത് ഉചിതമല്ല എന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത്.

പെരിയയിലെ വീടുകളിൽ പോകാൻ മുഖ്യമന്തി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് സന്ദർശനം ഒഴിവാക്കിയത്. പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തുന്നത് ഉചിതമല്ല- കാനം രാജേന്ദ്രൻ പറഞ്ഞു

നേരത്തെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ചര്‍ച്ച നടത്തിയെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചേക്കുമെന്ന പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അഭിപ്രായത്തെ തുടർന്ന് മുഖ്യമന്ത്രി സന്ദർശനം ഒഴുവാക്കുകയായിരുന്നു.

എന്നാൽ കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലാപാടാണ് സർക്കാരിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു