ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമായി വർധിപ്പിച്ചു

single-img
22 February 2019

ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി സൗദിഅറേബ്യ വർധിപ്പിച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിലുള്ള സംഭാഷണത്തിനുശേഷമാണ് വിശ്വാസികൾക്ക് ഏറെ ആഹ്ളാദമുണ്ടാക്കുന്ന പ്രഖ്യാപനമുണ്ടായത്.

തീർഥാടകരുടെ എണ്ണത്തിൽ ഇൻഡൊനീഷ്യയ്ക്കും പാകിസ്താനും പിന്നിൽ മൂന്നാംസ്ഥാനത്തായിരുന്നു ഇന്ത്യ ഇതുവരെ. ക്വാട്ട വർധിപ്പിക്കുന്നതോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും പാകിസ്താൻ മൂന്നാം സ്ഥാനത്തുമാകും. പാകിസ്താന്റെ ഹജ്ജ് ക്വാട്ട 1,84,210 ആണ്. അടുത്ത കാലത്തായി മൂന്നാംതവണയാണ് ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വാട്ട വർധിപ്പിക്കുന്നത്.

2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ എണ്ണം 1,36,000 ആയിരുന്നു. ഇന്ത്യയിലെത്തുന്ന സൗദി പൗരൻമാർക്ക് ഇ-വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.