മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്: അമിത് ഷാ

single-img
22 February 2019

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രസംഗം.

2000ത്തിലധികം ശബരിമല ഭക്തർ ജയിലിലാണ്. 30,000 ത്തിലധികം പേർ പല കേസുകളിലായി ജയിലിലാണ്. സുപ്രീം കോടതി വിധി പറഞ്ഞാണ് ഇത്രയും പേരെ ജയിലിട്ടിരിക്കുന്നത്. എന്നാൽ ഇതേ സുപ്രീം കോടതി മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളൊഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ വിധിയെത്തുടർന്ന് സർക്കാർ എടുത്തുമാറ്റിയിട്ടുണ്ട്, അമിത് ഷാ ചോദിച്ചു.

സുപ്രീം കോടതി വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്രമസമാധാന പാലനം നടത്തുന്ന സർക്കാരാണെങ്കിൽ ബാക്കി സുപ്രീം കോടതി വിധികൾ കൂടി നടപ്പിലാക്കണം എന്നും അമിത് ഷാ പറഞ്ഞു.

ഇടതുസര്‍ക്കാരിനെതിരെയും പിണറായി വിജയനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതുകളയണം. കേരളത്തിലെ മുന്നണികളുടേത് ഭായ് ഭായ് കൂട്ടുകെട്ടെന്നും അദ്ദേഹം പറഞ്ഞു.

നേതാവില്ലാത്ത മഹാസഖ്യമാണ് രാഹുല്‍ ഗാന്ധി രൂപീകരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചു:  ബിജെപിക്ക് അവസരം നല്‍കണം. കേരളത്തിലെ ബിജെപി എംപിമാരുമായി വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ പാലക്കാട്  കോട്ടമൈതാനത്ത് നടന്ന പൊതുയോഗത്തില്‍ അവകാശപ്പെട്ടു.