ബീവറേജ് ഔട്ട്‌ലറ്റെന്നു കരുതി ക്യൂ നിന്നു; കുപ്പി കിട്ടാന്‍ വൈകിയപ്പോള്‍ ബഹളവും: ഒടുവിലാണ് സിനിമാ ഷൂട്ടിങ്ങാണെന്ന് മനസ്സിലായത്; ചിലര്‍ പതുക്കെ ‘സ്‌കൂട്ടായി’; മറ്റുള്ളവരെ ‘സിനിമേലെടുത്തു’

single-img
21 February 2019

ആലപ്പുഴ: കലവൂര്‍ പാതിരപ്പള്ളിയില്‍ പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് കണ്ട് ക്യൂ നിന്നവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ജയറാം നായകനായ ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇവിടെ ബീവറേജ് ഔട്ട്‌ലെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനല്‍ ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

യഥാര്‍ഥ ബീവറേജിനെ അനുസ്മരിപ്പിക്കുന്നവിധം അതേബോര്‍ഡുകളും വിലവിവരപ്പട്ടികയും എന്തിനേറെ കൗണ്ടറുകള്‍ക്ക് പുറത്തുള്ള കമ്പിവേലി വരെ സിനിമാ ചിത്രീകരണത്തിനായി തയ്യാറാക്കിയിരുന്നു. ഇതെല്ലാം കണ്ടതോടെ സംഭവം ഒറിജിനലാണെന്ന് വിചാരിച്ച് ‘കുടിയന്മാര്‍’ ക്യൂവില്‍ കേറി നിന്നു.

കുപ്പി കിട്ടാന്‍ വൈകിയപ്പോള്‍ ഇവര്‍ ബഹളവും തുടങ്ങി. പിന്നീട് ചുറ്റും നോക്കിയപ്പോഴാണു വെള്ളിത്തിരയിലെ പരിചിത മുഖം ക്യൂവിനടുത്തു കണ്ടത്. പന്തികേടു മണത്തു ക്യൂവില്‍ നിന്നവരില്‍ ചിലര്‍ പതുക്കെ ‘സ്‌കൂട്ടായി’. ചിലര്‍ ചമ്മി എങ്കിലും ക്യൂവില്‍ തന്നെ നിലയുറപ്പിച്ചു. തുടര്‍ന്നാണ് സിനിമാ ചിത്രീകരണം ആരംഭിച്ചത്.

ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയില്‍ ചിത്രീകരിച്ചത്. കുപ്പി വാങ്ങാന്‍ വന്ന് നിരാശരായവര്‍ക്ക് കുപ്പി കിട്ടിയില്ലെങ്കിലും സിനിമയില്‍ മുഖം കാണിക്കാന്‍ അവസരവും ലഭിച്ചു. രാവിലെ അച്ചടക്കത്തോടെ വരിനിന്ന് ചമ്മിപ്പോയവര്‍ പലരും അതേനില്‍പ്പ് തന്നെയാണ് സിനിമയിലും അഭിനയിച്ചത്. ‘ബീവറേജ്’ ഒന്നും വന്നില്ലേലും സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണു നാട്ടുകാരില്‍ പലരും.