‘പുല്‍വാമയില്‍ ആക്രമണമുണ്ടായത് 3.10ന്; ലോകമെമ്പാടും വാര്‍ത്ത പടര്‍ന്നിട്ടും വൈകിട്ട് 6.45 വരെ മോദി ഷൂട്ടിങ്ങിനായി പാര്‍ക്കില്‍ തന്നെ തുടര്‍ന്നു; ഇങ്ങനെയൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ?’

single-img
21 February 2019

പുല്‍വാമയില്‍ 40 ജവാന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല. കനത്ത സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇന്ത്യയില്‍ എങ്ങനെയാണ് ഇത്രയും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിയത്.

ആക്രമണത്തിന് 48 മണിക്കൂര്‍ മുമ്പ് ജയ്‌ഷെ മുഹമ്മദ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ അവഗണിച്ചു. ഫെബ്രുവരി എട്ടിന് കശ്മീരില്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട? നല്‍കിയെന്നും എന്തുകൊണ്ട് ഇതെല്ലാം സര്‍ക്കാര്‍ അവഗണിച്ചുവെന്നും സുര്‍ജെവാല ചോദിച്ചു. പാകിസ്താനെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിം ഷൂട്ടിലായിരുന്നുവെന്ന് സുര്‍ജെവാല ആരോപിച്ചു. ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം ദുഃഖിച്ചിരിക്കുമ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിങിലായിരുന്നു പ്രധാനമന്ത്രി. വിവരം അറിഞ്ഞ് നാല് മണിക്കൂറിന് ശേഷവും ഷൂട്ടിങ് തുടര്‍ന്നു. മോദി കപടദേശീയ വാദിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല കുറ്റപ്പെടുത്തി. മോദിയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി.

ജവാന്മാരെ അപമാനിക്കുകയാണ് മോദി ചെയ്തത്. 3.10നാണ് ആക്രമണമുണ്ടായത്. ലോകമെമ്പാടും ഇതിന്റെ വാര്‍ത്ത പടര്‍ന്നു. എന്നാല്‍ വൈകിട്ട് 6.45 വരെ മോദി ചിത്രീകരണവുമായി പാര്‍ക്കില്‍ തന്നെ തുടര്‍ന്നു. ഇങ്ങനെയൊരു പ്രധാനമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ? രാജ്യത്തെ ഞെട്ടിപ്പിച്ച ആക്രമണം ഉണ്ടായി നാലു മണിക്കൂറോളമാണ് മോദി ചിത്രീകരണം നടത്തിയത്. അദ്ദേഹത്തിന്റെ പെരുമാറ്റം വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല സുര്‍ജെവാല പറഞ്ഞു.

17ന് ജവാന്മാരുടെ ഭൗതികാവശിഷ്ടം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴും രാഷ്ട്രീയ പരിപാടികള്‍ കഴിഞ്ഞ് ഒരു മണിക്കൂര്‍ വൈകിയാണു മോദി എത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊല്ലപ്പെട്ട ജവാന്റെ ദൗതികശരീരത്തിനു മുന്നില്‍നിന്ന് ഒരു കേന്ദ്രമന്ത്രി സെല്‍ഫിയെടുത്തതും മറ്റൊരു നാണക്കേടായെന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തെ പരാമര്‍ശിച്ച് സുര്‍ജെവാല പറഞ്ഞു.