പെരിയ ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ച് തകര്‍ത്തു

single-img
21 February 2019

പെരിയ ഇരട്ട കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പീതാംബരന്റെ വീട് ഒരുസംഘം അടിച്ച് തകര്‍ത്തു. വീടിന്റെ അകത്ത് പ്രവേശിച്ച അക്രമി സംഘം വാതിലുകളും, സാധനങ്ങളും തകര്‍ക്കുകയും പുറത്തേയ്ക്ക് സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്.

വീടിന് മുന്നിലെ കൃഷിയിടത്തെ വാഴയും മറ്റ് വിളകളും വെട്ടിനശിപ്പിക്കുകയും ചെയ്തു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.

പീതാംബരന്റെ കുടുംബം തറവാട്ട് വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇവിടെ അരങ്ങേറിയ അക്രമ സംഭവങ്ങിളിലെല്ലാമായി ഇരുപതോളം കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊലപാതകം നടന്നതിനുശേഷം പ്രദേശത്ത് ഒരുസംഘം വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. വ്യാപാരസ്ഥാപനങ്ങളും വീടും ബീഡിക്കമ്പനിയുമുള്‍പ്പെടെ തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.