ആധാറിലെ എൻ്റെ ചിത്രം കണ്ടിട്ട് അമ്മയ്ക്കുപോലും മനസ്സിലാകുന്നില്ല: ഒരു സമ്മേളന വേദിയിൽ ആധാർ ശിൽപ്പിയെ പ്രതിസന്ധിയിലാക്കിയ ചോദ്യം

single-img
21 February 2019

ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ സമ്മേളന വേദിയിൽ ഇൻഫോസിസ് ചെയർമാനും ആധാറിന്റെ മുൻ മേധാവിയുമായ നന്ദൻ നിലേകനിക്കു നേരെ ആധാറിനെ സംബന്ധിച്ച പരാതികൾ ഉയർന്നു. ‘ആധാറിലെ എന്റെ ചിത്രം കണ്ടിട്ട് അമ്മയ്ക്കുപോലും മനസ്സിലാകുന്നില്ല’ എന്നതുൾപ്പെടെയുള്ള വസ്തുതകളാണ് ആധാറിന്റെ മുൻ മേധാവക്കെതിരെ ഉയർന്നത്.

നിലേക്കനി ഇതിനു മറുപടിയും പറഞ്ഞു. സ്ത്രീകളിൽ നിന്നുൾപ്പെടെ ഒട്ടേറെപ്പേരിൽ നിന്ന് ഈ ചോദ്യം അഭിമുഖീകരിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ആധാറിലെ ചിത്രം മാറ്റാനാകുമോയെന്നാണ് പലരും ചോദിക്കുന്നത്. പത്തുവർഷം മുൻപ് തുടങ്ങുമ്പോൾ ഇന്നത്തെ പോലെ മികച്ച ക്യാമറാ സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. മാത്രമല്ല സ്റ്റുഡിയോയിൽ വച്ചല്ല ആധാറിന്റെ ചിത്രങ്ങളെടുക്കുന്നത്. തികച്ചും പരിമിതമായ സാഹചര്യങ്ങളിൽ നിന്നെടുക്കുന്ന ചിത്രങ്ങളാണ് ആധാറിൽ ഉപയോഗിക്കുന്നതെന്ന് ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആധാർ ഒരു പുതിയ ഡേറ്റ വിപ്ലവത്തിനാണ് വഴിയൊരുക്കിയത്. രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണമാണ് ഈ വിവര വിപ്ലവത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് സഹായകമായ വിധത്തിൽ സാങ്കേതിക വിദ്യ കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധാറിലെ വിവരങ്ങൾ സ്വകാര്യ കമ്പനികൾ ദുരുപയോഗം ചെയ്യുന്നുവെന്ന വാദത്തിൽ കഴമ്പില്ലെന്നും നന്ദൻ നിലേകനി പറഞ്ഞു. ഇത്തരത്തിലുള്ള നടപടികൾ നിയമവിരുദ്ധമാണ്. ആധാർ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു.

ഇന്ത്യയുടെ ചുവടുപിടിച്ച് പല രാജ്യങ്ങളും ഈ ദിശയിൽ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. വരുന്ന പത്തു വർഷത്തിനുള്ളിൽ ഡിജിറ്റൽ വിപ്ലവം ലോകത്തെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.