‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല’: പെരിയ ഇരട്ടക്കൊലപാതകത്തിനു മുമ്പ് സിപിഎം നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്

single-img
21 February 2019

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ഏഴിന് നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു മുസ്തഫ കൊലവിളി ഉയര്‍ത്തിയത്.

സി.പി.എമ്മിന്റെ കുതിപ്പില്‍ തടസ്സമായി മുന്നില്‍ നില്‍ക്കുന്നവര്‍, പെറുക്കിയെടുത്ത് ചിതയില്‍ വെക്കാന്‍ പോലും ബാക്കിയില്ലാതെ ചിതറുമെന്ന് വി.പി.പി മുസ്തഫ പ്രസംഗിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുരാജ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി. ഇരുവരും കല്യോട് സ്വദേശികളാണ്.

”അങ്ങ് പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ച് കഴിഞ്ഞു. സഖാവ് പീതാംബരനെയും സുരേന്ദ്രനെയും യാതൊരു പ്രകോപനവുമില്ലാതെ പകല്‍ നേരത്ത് ഇതുപോലെ ഒരു വൈകുന്നേരം അതായത് മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്.

എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ഒരൊറ്റയൊരെണ്ണം ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും. അങ്ങനെ തിരിച്ച് പാതാളത്തില്‍ നിന്ന് തിരിച്ചു വരുന്ന അവസ്ഥയുണ്ടാക്കരുത്. കോണ്‍ഗ്രസ്സ് സമാധാന യോഗം വിളിച്ച് ഇത് പറഞ്ഞു കൊടുക്കണം’, പ്രസംഗത്തിനിടെ വിപിപി മുസ്തഫ വെല്ലുവിളി മുഴക്കി.

കേസെടുത്താലും പ്രതികളെ പിടിച്ചില്ലെങ്കിലും സിപിഎമ്മിന്റെ രീതിയും സ്വഭാവവും ഇങ്ങനെയാക്കെയാണെന്ന് പറഞ്ഞു കൊടുക്കണമെന്നും ഞങ്ങള്‍ ഗാന്ധിയന്‍മാരല്ല. നിങ്ങളാണ് ഗാന്ധിയന്‍മാര്‍. ഈ ആക്രോശവും കോപ്രായയവുമെല്ലാം എന്തെിനുവേണ്ടിയാണെന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിച്ചു. അതേസമയം കൊലവിളി പ്രസംഗത്തിന് വിപിപി മുസ്തഫയ്‌ക്കെതിരേ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.