പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

single-img
21 February 2019

പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സംസ്ഥാന പോലീസ് മേധാവിയാണ് ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്.

കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ജില്ലാപൊലീസ് മേധാവി എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇനിമുതല്‍ ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാകും കേസില്‍ അന്വേഷണംനടത്തുക. അന്വേഷണ സംഘത്തിലുള്ളവരെ ഐ.ജി തീരുമാനിക്കും. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റുകൂടി ഇന്ന് രേഖപ്പെടുത്തി.

അക്രമിസംഘത്തിലുണ്ടായിരുന്ന ആലക്കോട് സ്വദേശി സുരേഷ്, കല്യോട്ട് സ്വദേശികളായ ഗിരിജന്‍,അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ടാണ് രേഖപ്പെടുത്തിയത്.

ഏഴുപേര്‍ അറസ്റ്റിലായതോടെ കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത എല്ലാവരും പിടിയിലായെന്നാണ് പോലീസ് നല്‍കുന്ന സൂചന. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന്‍, അക്രമിസംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന സജി ജോര്‍ജ് എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പിന്നീട് പോലീസ് കസ്റ്റഡിയില്‍ വിട്ടു.