ഗെയിലിന്റെ വെടിക്കെട്ട് സിക്‌സ്: ബോള്‍ വീണത് സ്റ്റേഡിയത്തോടു ചേര്‍ന്നുള്ള തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍

single-img
21 February 2019

വെടിക്കെട്ട് ബാറ്റിങ്ങില്‍ ഷാഹിദ് അഫ്രീദിയുടെ റെക്കോഡ് മറികടന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്നു പ്രഖ്യാപിച്ചശേഷമായിരുന്നു ഗെയ്‌ലിന്റെ റെക്കോഡ് പ്രകടനം. കെന്‍സിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഗെയ്ല്‍ അഫ്രീദിയെ മറികടന്നത്.

പന്ത്രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 129 പന്തില്‍ നിന്ന് 135 റണ്‍സാണ് ഗെയില്‍ നേടിയത്. മല്‍സരത്തിലാകെ ഒന്‍പതു തവണയാണ് പന്തു സ്റ്റേഡിയത്തിനു പുറത്തുപോയത്. ഇതില്‍ എട്ടെണ്ണവും ഗെയിലാണ് പുറത്തെത്തിച്ചത്. ലിയാം പ്ലങ്കറ്റിനെതിരെ നേടിയ സിക്‌സായിരുന്നു ഇതില്‍ ഏറ്റവും മാരകം. ആകാശമുയരെ പറന്നുപൊങ്ങിയ പന്ത് 120 മീറ്റര്‍ അകലെയാണ് പതിച്ചത്. സ്റ്റേഡിയത്തോടു തൊട്ടുചേര്‍ന്നുള്ള തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലാണ് പന്തു പതിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 524 മല്‍സരങ്ങളില്‍നിന്ന് അഫ്രീദി നേടിയ 476 സിക്‌സുകളുടെ റെക്കോര്‍ഡ് സ്വന്തം പേരിലേക്കു മാറ്റാന്‍ ക്രിസ് ഗെയ്‌ലിനു വേണ്ടിവന്നത് 444 മല്‍സരങ്ങള്‍ മാത്രം. മല്‍സരങ്ങളുടെ എണ്ണത്തില്‍ അഫ്രീദിയേക്കാള്‍ പിന്നിലാണെങ്കിലും ഇന്നിങ്‌സുകളുടെ എണ്ണത്തില്‍ ഗെയ്‌ലാണ് മുന്നില്‍. 514 ഇന്നിങ്‌സുകളില്‍നിന്നാണ് ഗെയ്ല്‍ റെക്കോര്‍ഡ് സ്വന്തമാക്കിയതെങ്കില്‍ 508 ഇന്നിങ്‌സുകളില്‍നിന്നാണ് അഫ്രീദി 476 സിക്‌സ് നേടിയത്. ഇതുവരെ 444 മല്‍സരങ്ങളില്‍നിന്ന് 488 സിക്‌സുകളാണ് ഗെയ്‌ലിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്‌സുകളെന്ന നാഴികക്കല്ലിലേക്കു വേണ്ടത് 12 സിക്‌സുകള്‍ മാത്രം.

285 ഏകദിനങ്ങളില്‍ നിന്ന് 276ഉം 56 ട്വന്റി 20കളില്‍ നിന്ന് 103ഉം 103 ടെസ്റ്റുകളില്‍ നിന്ന് 98 സിക്‌സുമാണ് ഗെയ്ല്‍ നേടിയത്.
352 സിക്‌സുകള്‍ സ്വന്തമായ കിവീസ് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലമാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യയുടെ രോഹിത് ശര്‍മയാണ് 349 സിക്‌സുമായി നാലാമതാണ്.

ലോകകപ്പിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് 39 കാരനായ ഗെയ്‌ലിനെ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെതരായ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലായി ബംഗ്ലാദേശിനെതിരായ ഹോം സീരീസിലാണ് ഇതിന് മുന്‍പ് ഗെയ്ല്‍ അവസാനമായി വിന്‍ഡീസിനുവേണ്ടി കളിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴഞ്ഞ ഒക്‌ടോബറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു ഗെയ്ല്‍.