പാക്കിസ്ഥാന് ഇനി ഒരു തുള്ളി വെള്ളവും നല്‍കരുത്: പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ യമുനയിലേക്ക് വഴിതിരിച്ച് വിടുമെന്ന് നിതിന്‍ ഗഡ്കരി

single-img
21 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് മൂന്നു നദികള്‍ ഒഴുകുന്നുണ്ട്. ഈ നദികളെ യമുനയിലേക്ക് ഗതിതിരിച്ചുവിടുമെന്നാണ് ഗഡ്കരി പറയുന്നത്. ഈ മൂന്നു നദികളെയും ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതിന് ശേഷം ഇവയുടെ ഗതി തിരിച്ചുവിടുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുമെന്നും ഗഡ്കരി പറഞ്ഞു.

നേരത്തെ പുല്‍വാമ ഭീകരാക്രമണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച ഗഡ്കരി, വീരമൃത്യു വരിച്ച ജവാന്‍മാരുടെ ത്യാഗത്തെ രാജ്യം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞിരുന്നു. പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന.