റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെതിരേ പരസ്യവിമര്‍ശനവുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍

single-img
21 February 2019

തിരുവനന്തപുരം: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെതിരേ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകുന്നത് നല്ല സന്ദേശം നല്‍കാനാണെന്ന് കരുതുന്നില്ലെന്ന വിമര്‍ശനമാണ് ഇ. ചന്ദ്രശേഖരനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ മന്ത്രിയെന്ന നിലയില്‍ ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തിയതില്‍ തെറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

പെരിയയിലെ ഇരട്ട കൊലപാതകത്തെ പാര്‍ട്ടി അനുകൂലിക്കുന്നില്ല. ഇത് ഒരു പ്രാദേശിക വിഷയം മാത്രമാണ്. അതിനെ അപലപിക്കുന്നു. അക്രമരാഷ്ട്രീയത്തെ എല്‍.ഡി.എഫ്. അനുകൂലിക്കുന്നില്ല. ഈ സാഹചര്യങ്ങളെ ഗൗരവമായി കാണുന്നൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ചത്.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ശരത് ലാലിന്റെ കുടുംബം മന്ത്രിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലെന്നായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്റെ മറുപടി. കൊല്ലപ്പെട്ട കൃപേഷിന്റെ വീട് സന്ദര്‍ശിച്ചശേഷമാണ് റവന്യുമന്ത്രി ശരത്‌ലാലിന്റെ വീട്ടിലെത്തിയത്. കുടുംബത്തിന്റെ വികാരം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മന്ത്രി ഉറപ്പുനല്‍കി.