യുവാക്കൾക്കും വനിതകൾക്കുമായി അഞ്ചു സീറ്റുകൾ നീക്കിവെക്കാൻ കോൺഗ്രസിൽ ധാരണ; അമ്പതിനുമേൽ പ്രായമുള്ളവരെ യുവാക്കളുടെ പട്ടികയിൽപ്പെടുത്തരുതെന്നു യൂത്ത് കോൺഗ്രസ്

single-img
21 February 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും താത്പര്യം പരമാവധി പരിഗണിക്കാൻ തീരുമാനം.  കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ മൂന്നിലൊന്ന് യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കുമെന്നും തീരുമാനം ആയിട്ടുള്ളത്.  മൂന്നിലൊന്നു സീറ്റുകളിൽ സിറ്റിങ് എം.പി.മാരും സ്ഥാനാർഥികളായേക്കും.

ഈ മാസം അവസാനത്തോടെ ഹൈക്കമാൻഡിന് പട്ടിക നൽകുന്നതിനുള്ള അനൗപചാരിക ചർച്ചകളിൽ ഇതുസംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായി. എന്നാൽ . സ്ഥാനാർഥികൾ ആരൊക്കെയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സാധ്യതാപട്ടിക നൽകിയശേഷം ഹൈക്കമാൻഡിന്റേതാവും അന്തിമതീരുമാനം.

മത്സരിക്കാൻ കോൺഗ്രസിന്‌ ലഭിക്കുന്ന സീറ്റുകളിൽ കഴിഞ്ഞതവണ ജയിച്ച തിരുവനന്തപുരം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നീ മണ്ഡലങ്ങളിൽ നിലവിലെ എം പി.മാർതന്നെ മത്സരിക്കും. ബാക്കിയുള്ള പത്ത് മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിലാണ് യുവ, വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ധാരണ.

യുവപ്രാതിനിധ്യം പ്രായം പരിഗണിച്ചാവണമെന്നും ‘വിശാലമായ അർഥത്തിലാവരുതെന്നു’മാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. അമ്പതിനുമേൽ പ്രായമുള്ളവരെ യുവാക്കളുടെ പട്ടികയിൽപ്പെടുത്തി അവസരം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവാതിരിക്കാനുള്ള കരുതലാണ് ഇതിനുപിന്നിൽ.

യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം നൽകണമെന്ന് രാഹുൽഗാന്ധി ആദ്യഘട്ടത്തിൽത്തന്നെ നിർദേശിച്ചതാണ്. ഈ നിർദേശം പൂർണമായും നടപ്പാക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജയസാധ്യതയുള്ള സീറ്റ് വേണമെന്നതാണ് മഹിളാകോൺഗ്രസിന്റെ ആവശ്യം.

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ലെന്ന്‌ പ്രഖ്യാപിച്ചതുവഴി വടകരയിലും എം.ഐ. ഷാനവാസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന വയനാട്ടിലും ഇവർക്ക് സീറ്റ് ലഭിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ട്. കൂടാതെ, ഇടുക്കിയും ചാലക്കുടി അഥവാ തൃശ്ശൂർ, കാസർകോട് അല്ലെങ്കിൽ ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ വേണമെന്ന ആവശ്യമാണ് പരിഗണിച്ചിട്ടുള്ളത്.

കഴിഞ്ഞതിരഞ്ഞെടുപ്പിൽ ജനതാദളിന് വിട്ടുകൊടുത്ത പാലക്കാട് ഉൾപ്പെടെ 16 സീറ്റിൽ ഇത്തവണ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.