അഫ്രീദിയുടെ റെക്കോഡും തകര്‍ത്ത് ക്രിസ് ഗെയ്ല്‍

single-img
21 February 2019

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം എന്ന റെക്കോഡ് ഇനി വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് സ്വന്തം. കെന്‍സിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഗെയ്ല്‍ അഫ്രീദിയെ മറികടന്നത്.

ഗെയ്ല്‍ 129 പന്തില്‍ നിന്ന് 135 റണ്‍സെടുത്ത മത്സരത്തില്‍ പക്ഷേ, വിന്‍ഡീസ് ആറു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. പന്ത്രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ പ്രകടനം. റഷീദ് എറിഞ്ഞ നാല്‍പത്തിനാലാം ഓവറിന്റെ അവസാന പന്ത് മിഡ്‌വിക്കറ്റിന് മുകളിൂടെ പറത്തിയാണ് ഗെയ്ല്‍ അഫ്രീദിയെ മറികടന്നത്.

ലോകകപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്നു പ്രഖ്യാപിച്ചശേഷമായിരുന്നു ഗെയ്‌ലിന്റെ റെക്കോഡ് പ്രകടനം. 477 സിക്‌സുകളാണ് ഇപ്പോള്‍ ഗെയ്‌ലിന്റെ പേരിലുള്ളത്. തന്റെ 444ാമത്തെ മത്സരത്തിലാണ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

476 സിക്‌സുകളായിരുന്നു അഫ്രീദിയുടെ പേരില്‍ ഉണ്ടായിരുന്നത്. 524 മത്സരങ്ങളില്‍ നിന്നായിരുന്നു അഫ്രീദി ഇത്രയും സിക്‌സുകള്‍ അടിച്ചുകൂട്ടിയത്. ഗെയ്ല്‍ 285 ഏകദിനങ്ങളില്‍ നിന്ന് 276ഉം 56 ട്വെന്റി 20കളില്‍ നിന്ന് 103ഉം 103 ടെസ്റ്റുകളില്‍ നിന്ന് 98 സിക്‌സുമാണ് ഗെയ്ല്‍ നേടിയത്.