‘ബാലന്‍ വക്കീല്‍ വെറുമൊരു തമാശക്കാരനല്ല’; ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപ്

single-img
21 February 2019

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന് ആദ്യ ഷോയില്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണം. കണ്ടിറങ്ങിയവരെല്ലാം ചിത്രം മികച്ചതെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഒരിടവേളക്ക് ശേഷം, ദിലീപ് വെള്ളിത്തിരയില്‍ വീണ്ടും വക്കീല്‍ കുപ്പായം അണിയുന്നു എന്നത് ചിത്രത്തിന്റെ ഒരു സവിശേഷതയാണ്. ദിലീപ് ഇതുവരെ ചെയ്ത വേഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബാലകൃഷ്ണന്‍ എന്ന കഥാപാത്രം വ്യത്യസ്തനാണ്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ദിലീപ് രംഗത്തെത്തി. വിക്കുള്ള വക്കീലായതിനെക്കുറിച്ച് ദിലീപ് പറഞ്ഞതിങ്ങനെ: ‘എന്തെങ്കിലും വൈകല്യങ്ങളുള്ളവര്‍ അതിനെ മറികടന്ന് കാര്യപ്രാപ്തിയുള്ളവരായി തീരുന്നത് എപ്പോഴും ആളുകള്‍ ഇഷ്ടപ്പെടുന്ന കഥാവിഷയമാണ്. ഭാഗ്യവശാല്‍ എനിക്ക് അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചു. വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍, അത്തരം പരിമിതികളെ അതിജീവിച്ച് വിജയം നേടിയ എന്റെ ചില സുഹൃത്തുക്കള്‍ മനസില്‍ വന്നു. തീര്‍ച്ചയായും അത്തരം റഫറന്‍സുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്’.

ബാലന്‍ വക്കീല്‍ വെറുമൊരു തമാശക്കാരനല്ല. കാര്യങ്ങള്‍ തിരിച്ചറിയുന്ന, എന്നാല്‍ തെല്ല് അപകര്‍ഷതാബോധമൊക്കെയുള്ള ഒരാളാണന്നും ദിലീപ് പറഞ്ഞു. ട്രോളുകള്‍ ഉണ്ടാക്കുന്നവരുടെ നര്‍മ്മബോധത്തേയും, ഭാവനാശേഷിയേയും സല്യൂട്ട് ചെയ്യുന്നുവെന്നും ദിലീപ് പറഞ്ഞു. ഇടയ്ക്ക് പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രസികന്‍ കഥാപാത്രങ്ങള്‍ക്കൊരു ഇടവേളയുണ്ടായല്ലോ എന്ന ചോദ്യത്തിന് അത്തരം കഥകള്‍ ഒത്തു വന്നില്ല എന്നായിരുന്നു ദിലീപിന്റെ മറുപടി.

അതേസമയം, ദിലീപിനു മാത്രം ചെയ്യാനാകുന്ന ചില കഥാപാത്രങ്ങളുണ്ട്. ഈ വക്കീല്‍ വേഷം അങ്ങനെയുള്ളതാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഹാസ്യ രംഗങ്ങള്‍ ചെയ്യുന്നതില്‍ തന്റേതായ രീതിയുള്ള ആളാണ് ദിലീപ്. ആ രീതി എന്നോ തന്നെ മലയാളികളുടെ മനസ്സും കീഴടക്കിയതാണ്.

തീര്‍ത്തും പ്രഫഷനല്‍ ആയ സമീപനമാണ് ദിലീപിന്റെ കാര്യത്തില്‍ എനിക്കുള്ളത്. എന്റെ മനസ്സിലേക്ക് ഒരു ആശയം വന്നു. അത് സിനിമയാക്കുമ്പോള്‍ അതിനു ഏറ്റവും ചേരുന്ന നടന്‍ എന്ന് എനിക്കു തോന്നിയ ആളെ ഞാന്‍ അഭിനയിപ്പിച്ചു. അത്രയേയുള്ളൂ. മറ്റു കാര്യങ്ങളൊന്നും എന്നെ ബാധിച്ചിരുന്നില്ലെന്നും ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ബി ഉണ്ണികൃഷ്ണന്‍ മറുപടി നല്‍കി.