കോടതിസമക്ഷം ബാലന്‍ വക്കീലിന് വമ്പന്‍ വരവേല്‍പ്പ്; മികച്ച പ്രേക്ഷക പ്രതികരണം: IMDB റേറ്റിംഗ് 9.9/10

single-img
21 February 2019

മികച്ച പ്രേക്ഷക പ്രതികരണവുമായി കോടതിസമക്ഷം ബാലന്‍ വക്കീല്‍. ആദ്യ ഷോ കണ്ടിറങ്ങിയ ആരാധകര്‍ ദിലീപിന്റെ മികച്ച ചിത്രമാണിതെന്നാണ് അഭിപ്രായപ്പെട്ടത്. ട്രെയിലറും ടീസറും കണ്ട് ഊഹിച്ചതിനെക്കാള്‍ ഗംഭീരമാണ് ചിത്രമെന്ന് ആരാധകര്‍ പറയുന്നു. കുടുംബത്തോടൊപ്പം വന്നിരുന്ന് കാണാവുന്ന മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രമെന്ന് ആദ്യ ഷോയ്ക്ക് ശേഷം കുട്ടികളുമായി പുറത്തിറങ്ങിയ അച്ഛനമ്മമാര്‍ പറഞ്ഞു.

IMDB യില്‍ 10ല്‍ 9.9 റേറ്റിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ”ഒരു ടോട്ടല്‍ എന്റര്‍ടെയ്‌നര്‍, തീര്‍ത്തും ഫണ്ണിയായ ഒരു സിനിമ. ഗംഭീരം. ദിലീപ് കലക്കി. ദിലീപേട്ടന്റെ തിരിച്ചുവരവ്. ക്ലാസ് മൂവി. സിദ്ധീഖും ദിലീപും തകര്‍ത്തു. ബി ഉണ്ണികൃഷ്ണന്‍ ദിലീപ് കൂട്ടുകെട്ട് അടിപൊളിയാക്കി’…. തുടങ്ങി നിരവധി കമന്റുകളാണ് തിയേറ്ററിനു മുന്നില്‍ കേള്‍ക്കുന്നത്.

വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയത്. മിക്ക തിയേറ്ററുകളും ഹൗസ്ഫുള്ളായിരുന്നു. ദിലീപ് ഇതുവരെ ചെയ്ത വേഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ബാലകൃഷ്ണന്‍ എന്ന കഥാപാത്രം വ്യത്യസ്തനാണ്. സംസാര വൈകല്യമുള്ള ബാലന്‍ വക്കീലും, കോടതിയിലെ അയാളുടെ കേസ് വാദവും, ജീവിതവും പ്രമേയമാക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനവും ചിട്ടപ്പെടുത്തിയത്. ആ പ്രതീക്ഷകള്‍ക്കൊത്ത തുടക്കമാണ് ചിത്രം നല്‍കുന്നത്.

ഒരക്ഷരം പോലും ഉരിയാടാതെ ആദ്യ സ്വതന്ത്ര കേസ് പുഷ്പം പോലെ ജയിച്ചു പുറത്തു വരികയാണ് ബാലന്‍ വക്കീല്‍. എന്നാല്‍ വൈകല്യം ബാലനൊരു വിലങ്ങു തടിയാണ്. സൗണ്ട് തോമായ്ക്ക് ശേഷം അപകര്‍ഷതാബോധത്തില്‍ നിന്നും വിജയത്തിലേക്ക് പോകുന്ന ട്രാക്ക് ആണ് ബാലന്‍ വക്കീലിനും.

കളിയാക്കലുകളുടെ ഇടയിലാണ് അയാളുടെ ആദ്യ കേസ് വിജയം സംഭവിക്കുന്നതും. എന്നാല്‍ വാദി പ്രതി ആവുന്നു എന്ന അവസ്ഥയിലേക്ക് ബാലന്‍ വക്കീല്‍ വന്നു പെടുന്നതും മറ്റും ചിത്രത്തെ മറ്റരു തലത്തിലേക്ക് എത്തിക്കുന്നു. അജു വര്‍ഗീസ്, സിദ്ദിഖ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ബാലന്‍ വക്കീലിന്റെ ഫ്രീക് അച്ഛനായി, ഇതുവരെ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷത്തില്‍ കോമഡി കൈകാര്യം ചെയ്യുന്ന കഥാപാത്രമാണ് സിദ്ദിഖിന്റേത്.

ഈ വര്‍ഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിന്ന ചിത്രം കൂടിയായിരുന്നു ഇത്. 2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മിച്ചത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.