മരണവീട് ഉത്സവപ്പറമ്പാക്കി മാറ്റുവാൻ താല്പര്യമില്ല; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻ വസന്തകുമാറിൻ്റെ വീട്ടിൽ എത്തുന്ന വിവരം മമ്മൂട്ടി മാധ്യമങ്ങളെ അറിയിക്കാത്തത് ഇതുകൊണ്ടാണ്

single-img
20 February 2019

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ വസതിയില്‍ മമ്മൂട്ടി എത്തിയത് മാധ്യമങ്ങളെ അറിയിക്കാതെ.  കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയ മമ്മൂട്ടി വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ചു. ഏറെനേരം ഇവര്‍ക്കൊപ്പം ചിലവഴിക്കുകയും ചെയ്തു.

പിന്നീട് വസന്തകുമാറിന്റെ ശവകുടീരത്തില്‍ എത്തി മമ്മൂട്ടി ആദരവര്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്ക്ക് എത്തിയത്.

മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു മമ്മൂട്ടി മരണവീട്ടിലേക്ക് കടന്നുവന്നത്.  തന്നെ പോലെ പ്രശസ്തനായ ഒരു താരം എത്തുമ്പോൾ സ്വാഭാവികമായും മരണവീട് ഒരു ഉത്സവപറമ്പിനു തുല്യമായി മാറുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ ഒരു കാരണം കൊണ്ടാണ് സന്ദർശന വിവരം അദ്ദേഹം രഹസ്യമാക്കി വച്ചത്.

നടന്‍ അബു സലിം, ബിജോ അലക്‌സാണ്ടര്‍ (ഡെപ്യൂട്ടി സൂപ്രണ്ട് സ്‌പെഷല്‍ ബ്രാഞ്ച് വയനാട്) എന്നിവര്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.