പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരു പേര് ശരീരത്തില്‍ പച്ചകുത്തി യുവാവ്

single-img
20 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് ശരീരത്തില്‍ പച്ചകുത്തി യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ ഗോപാല്‍ സഹരണ്‍ ആണു സ്വന്തം ശരീരത്തില്‍ ജവാന്‍മാരോടുള്ള ആദരം അറിയിച്ചത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനാണ് ഇതിന് തയ്യാറായതെന്ന് ഗോപാല്‍ പറഞ്ഞു. പുല്‍വാമയിലെ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ച അര്‍ധസൈനികരുള്‍പ്പെടെ 71 പേരുടെ നാമങ്ങളാണ് ഗോപാല്‍ സ്വന്തം ശരീരത്തില്‍ എഴുതിച്ചേര്‍ത്തത്.

ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയില്‍ അംഗമാണ് ഗോപാല്‍. മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് ഗോപാല്‍ വ്യക്തമാക്കി. ത്രിവര്‍ണ പതാകയും ജവാന്മരുടെ ആയുധങ്ങളും ഹെല്‍മറ്റും ഇതിനൊപ്പം പച്ചകുത്തിയിട്ടുണ്ട്. ശരീരത്തിന്റെ പിറകില്‍ ഇരുവശത്തുമായാണ് പേരുകള്‍.

ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ജയ്ഷ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രാജ്യമാകെ ജവാന്‍മാര്‍ക്ക് ആദരവര്‍പ്പിച്ചു രംഗത്തെത്തി.