അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടെ പ്രതികരണം മനോവിഷമംകൊണ്ട്; പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി

single-img
20 February 2019

പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കേസില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്റെ ഭാര്യ. പീതാംബരന്‍ കുറ്റം ചെയ്‌തെന്നു വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി നിര്‍ദേശപ്രകാരമായിരിക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം തങ്ങളുടെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. അപ്പോള്‍ പോലും സഹായിക്കാന്‍ ആരും വന്നില്ലെന്നും പീതാംബരന്റെ ഭാര്യ പറഞ്ഞു.

അതേസമയം പീതാംബരന്റെ കുടുംബത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭര്‍ത്താവ് കേസില്‍ പെട്ട വിഷമത്തിലായിരിക്കാം പീതാംബരന്റെ ഭാര്യയുടെ പ്രതികരണമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും.

ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. അവരല്ല പാര്‍ട്ടി. പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

പീതാംബരന്റെ കുടുംബത്തിന് പാര്‍ട്ടി തീരുമാനപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ധാരണയുണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആ ധാരണയുണ്ടായതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. പീതാംബരന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടാകും. അതില്‍നിന്നുണ്ടാകുന്ന ഒരു അഭിപ്രായപ്രകടനം എന്നല്ലാതെ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ അറസ്റ്റ് ചെയ്തത്.