യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലാണെന്നു പ്രതികൾ; കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമെന്ന് പൊലീസ്

single-img
20 February 2019

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലാണെന്ന് പ്രതികള്‍. എന്നാൽ പൊലീസ് ഇക്കാര്യം സമ്മതിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ തന്ത്രമെന്നു പൊലീസ് കരുതുന്നു.

ഒരേ മൊഴി ആവര്‍ത്തിക്കുന്ന ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത ഏഴംഗ സംഘത്തെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കരുതപ്പെടുന്ന എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരനെ സിപിഎം ഇന്നലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇയാള്‍ നിരവധിക്കേസുകളില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

അതിനിടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ വേഗത്തില്‍ പിടികൂടണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിക്കാൻ നീക്കം നടക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ ഇന്ന് കൃപേഷിന്റെയും ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കുമെന്നും  കോൺഗ്രസ് അധികൃതർ അറിയിച്ചു.