മോദി നേരിട്ടെത്തി സ്വീകരിച്ചിട്ടും പാകിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും മിണ്ടാതെ സൗദി രാജകുമാരന്‍

single-img
20 February 2019

ഭീകരവാദത്തിനെതിരേ ഒന്നിച്ചു പോരാടാന്‍ ഇന്ത്യയും സൗദിയും തീരുമാനിച്ചു. ഇന്ത്യയിലെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരവാദത്തിനു സഹായം നല്‍കുന്ന രാജ്യങ്ങളെ ശിക്ഷക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ സൗദിക്കും ഇന്ത്യക്കും ഒരേ നിലപാടാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനെതിരേ ഇന്ത്യയുമായി സഹകരിക്കുമെന്ന് സല്‍മാന്‍ രാജകുമാരനും പറഞ്ഞു.

അതേസമയം, അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാക്കിസ്ഥാനെക്കുറിച്ച് സല്‍മാന്‍ രാജകുമാരന്‍ ഒന്നും പരാമര്‍ശിച്ചില്ല.

സൗദിയുടെ ഇന്റലിജന്‍സ് വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും ഇക്കാര്യത്തില്‍ എല്ലാ അയല്‍രാജ്യങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ നീക്കങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്ന ഇന്ത്യയോട് നന്ദി അറിയിക്കുന്നതായും സൗദി കിരീടാവകാശി വ്യക്തമാക്കി.

ഭീകരവാദത്തിനെതിരായ നിലപാടുകളില്‍ ഇന്ത്യയ്ക്കും സൗദിയ്ക്കും ഏകാഭിപ്രായമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് ഇരുരാജ്യങ്ങള്‍ക്കും ഒരേ നിലപാടാണുള്ളത്.

സൗദിയും ഇന്ത്യയും തമ്മില്‍ നാവിക,സൈബര്‍ സുരക്ഷയിലും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും ഉപകാരപ്രദമാണെന്നും മോദി പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ സമ്മര്‍ദം ശക്തമാക്കുമെന്നും അദ്ദേഹം സംയുക്ത പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

സൗദി കിരീടാവകാശിയുമായി എല്ലാതലത്തിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമെടുത്തതായും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ അഞ്ച്ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. അടിസ്ഥാനസൗകര്യ വികസനം, പ്രക്ഷേപണരംഗങ്ങളിലെ സഹകരണം, ഉഭയകക്ഷി നിക്ഷേപം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.