‘പാക്കിസ്ഥാനുമായി ഇനി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ല; ഇരു ടീമുകളും ഫൈനലില്‍ എത്തിയാല്‍ പാക്കിസ്ഥാന്‍ ലോകകപ്പ് ജേതാക്കളാകും’

single-img
20 February 2019

പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്നാവര്‍ത്തിച്ച് ബിസിസിഐ. പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകകപ്പില്‍ പോലും പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ.

നേരത്തെ, പുല്‍വാമ സംഭവത്തിനു പിന്നാലെ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല അറിയിച്ചിരുന്നു. ഈ നിലപാട് തന്നെയാണ് ലോകകപ്പിന്റെ കാര്യത്തിലുമെന്നാണ് ബിസിസിഐ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലാണെങ്കില്‍ പാക്കിസ്ഥാന് വെറുതെ മത്സരത്തിന്റെ പോയിന്റ് ലഭിക്കുമെന്നേ ഉള്ളു. തങ്ങള്‍ കളിക്കില്ല. ഇനി ഏതെങ്കിലും തരത്തില്‍ ഇരു ടീമുകളും ഫൈനലില്‍ വന്നാല്‍ പാക്കിസ്ഥാന്‍ ലോകകപ്പ് ജേതാക്കളാകും സംശയമില്ല- ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യം ഐസിസിയെ നിലവില്‍ അറിയിച്ചിട്ടില്ലെന്നും ബിസിസിഐ അറിയിച്ചു.

ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന് മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചൊവ്വാഴ്ച അറിയിച്ചിരുന്നു. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്നായിരുന്നു ഐസിസി സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞത്. മത്സര ക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.