പുതിയ ആഘോഷങ്ങൾക്ക് ആനകൾ വേണ്ട; പരിപാലനത്തില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ ആനകളെ പിടിച്ചെടുക്കും: പുതിയ നിയന്ത്രണങ്ങളുമായി സംസ്ഥാന വന്യജീവി ബോര്‍ഡ്.

single-img
20 February 2019

സംസ്ഥാനത്ത് ആഘോഷങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനൊരുങ്ങി സംസ്ഥാന വന്യജീവി ബോര്‍ഡ്. നിലവിലുള്ള ആഘോഷങ്ങള്‍ അല്ലാതെ പുതിയതായി രൂപപ്പെട്ടുവരുന്ന ആഘോഷങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ബോര്‍ഡ് നിര്‍ദേശം നല്‍കി.

ഉത്സവകാലത്ത് വിശ്രമംനല്‍കാതെ ആനകളെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതും അമിതമായി ജോലിചെയ്യിക്കുന്നതുമാണ് ആനകള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകുന്നതെന്ന് ബോര്‍ഡ് പറയുന്നു. പുതിയ നിയന്ത്രണം ഉള്‍പ്പെടെ നാട്ടാന പരിപാലന നിയമത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുതുക്കിയ കരടു ചട്ടങ്ങള്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിനു നല്‍കിയതായി മാധ്യമങ്ങൾ പറയുന്നു.

നാട്ടാനകള്‍ക്ക് മികച്ച പരിപാലനവും സുരക്ഷയും ഉറപ്പാക്കുന്നതിനും അവയ്ക്കുനേരെയുള്ള പീഡനങ്ങള്‍ തടയുന്നതിനും പുതിയ നിയമത്തില്‍ കര്‍ശന വ്യവസ്ഥകളുണ്ടാകും. ഇതില്‍ വീഴ്ച കണ്ടെത്തിയാല്‍ ആനകളെ പിടിച്ചെടുക്കാനും നിര്‍ദേശമുണ്ട്. ഉത്സവകാലം ആരംഭിക്കുന്നതിന് മുമ്പും ശേഷവും അതതു ജില്ലകളിലെ നാട്ടാന പരിപാലനസമിതി യോഗം ചേര്‍ന്ന് ആനകളെ പരിശോധിക്കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശം.

ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജില്ലാതല നിരീക്ഷണസമിതിയുടെ അനുമതി വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പലരും അനുസരിക്കാറില്ല. അതിനെ കുറിച്ച് ഉദ്യേഗസ്ഥര്‍ അന്വേഷിക്കാറുമില്ല. എന്നാല്‍  ഇത്തരം കാര്യങ്ങൾ ഇനി അനുവദിച്ചു നൽകാനാകില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ പറയുന്നു.

ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവക്കമ്മിറ്റികള്‍ വനംവകുപ്പു സമിതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരിപാലനത്തില്‍ പോരായ്മകള്‍ കണ്ടെത്തിയാല്‍ ആനകളെ പിടിച്ചെടുക്കുമെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡൻ പറഞ്ഞു.