എൻ്റെ സഹോദരൻ മണിച്ചേട്ടൻ തന്നെയാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത്: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് ഡോക്ടറേറ്റ്

single-img
20 February 2019

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന് ഡോക്ടറേറ്റ്. ‘ആട്ടത്തിലെ ആണ്‍ വഴികള്‍’ മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനം എന്ന വിഷയത്തിലാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. തനിക്ക് കല്‍പ്പിത സര്‍വകലാശാലയായ കേരള കലാമണ്ഡലത്തില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച വിവരം ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ്   ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മണ്‍മറഞ്ഞു പോയ തന്റെ മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും ഈ ബിരുദം സമര്‍പ്പിക്കുന്നതായി അദ്ദേഹം അറിയിക്കുന്നു. 2007ലാണ് എംഫില്‍, പിഎച്ച്്ഡി ഇന്റഗ്രേറ്റഡ് കോഴ്‌സിന് ആര്‍എല്‍വി രാമകൃഷ്ണന്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി രാമകൃഷ്ണന്‍ ഗവേഷണം നടത്തിവരികയായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയ സ്‌നേഹിതരെ;കുറച്ച് കാലമായി ഞാന്‍ ഫേയ്‌സ്ബുക്കില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വന്നത് തികച്ചും സന്തോഷം പങ്കിടാനുള്ള ഒരു വിശേഷമായിട്ടാണ്. ഇന്ന് എന്റെ കലാജീവിതത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയ ഒരു വാര്‍ത്ത നിങ്ങള്‍ക്കായി പങ്കു വയ്ക്കട്ടെ. 2007 ല്‍ ഞാന്‍ കേരള കലാമണ്ഡലം കല്പിതസര്‍വ്വകലാശാലയില്‍ എം.ഫില്‍.പി. ച്ച് ഡി ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥിയായിരുന്നു എന്ന് നിങ്ങള്‍ക്കറിയുമെന്ന് വിചാരിക്കുന്നു. ‘ആട്ടത്തിലെ ആണ്‍ വഴികള്‍’മോഹിനിയാട്ടവുമായി ബന്ധപ്പെട്ട പഠനം എന്ന വിഷയത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ഡോ: എന്‍.കെ ഗീത ടീച്ചറുടെ കീഴില്‍ ഗവേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ പ്രബന്ധം കലാമണ്ഡലത്തില്‍ സമര്‍പ്പിക്കുകയും അതിന്റെ വാല്യൂഷന്‍ കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 15 ന് കലാമണ്ഡത്തില്‍ ഓപ്പണ്‍ വൈവ നടക്കുകയും ചെയ്തിരുന്നു. വളരെ വിജയകരമായ വൈവയ്ക്കു ശേഷം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ശുപാര്‍ശക്കായി വൈവ ബോര്‍ഡ് അയച്ചിരുന്നു. ഇന്ന് ഫെബ്രുവരി 19ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്റെ പി.എച്ച്ഡി പ്രബന്ധം അംഗീകരിക്കുകയും ഈ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ.. മണ്‍മറഞ്ഞു പോയ എന്റെ മാതാപിതാക്കള്‍ക്കും സഹോദരന്‍മാര്‍ക്കും എന്റെ ഈ ബിരുദം സമര്‍പ്പിക്കട്ടെ. എന്നും എനിക്ക് പ്രോത്സാഹനമായി നിന്ന എന്റെ സഹോദരന്‍ മണി ചേട്ടന്‍ തന്നെയാണ് എന്നെ ഇതിന് പ്രാപ്തനാക്കിയത് എന്ന് നിസ്സംശയം പറയട്ടെ. ഈ അവസരത്തില്‍ നന്ദി പറയാന്‍ ഒട്ടേറെ പേരുണ്ട്.എന്നെ വളരെ ചെറുപ്പം മുതല്‍ക്ക് നൃത്തം പഠിപ്പിച്ച എന്റെ ഗുരു ആര്‍.എല്‍.വി.ആനന്ദ് മാസ്റ്റര്‍,കലാമണ്ഡലം ജയ ടീച്ചര്‍, അയിഷ ടീച്ചര്‍, വനജ ടീച്ചര്‍, കല ടീച്ചര്‍ തുടങ്ങിയവരോടും, ഈ ഗവേഷണത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ എന്റെ റിസര്‍ച്ച് ഗൈഡ് ഡോ: എന്‍.കെ ഗീത ടീച്ചറോടും, ഗംഗാധരന്‍ മാഷിനോടും. എന്റെ പ്രിയ സുഹൃത്ത് അനിരൂദ്ധനോടും എന്റെ പ്രിയ കൂടപിറപ്പുകളോടും കുടുംബാംഗങ്ങളോടും,ചേട്ടന്റെ വിയോഗത്തിനു ശേഷം എനിക്ക് എന്നും ധൈര്യവും പ്രോത്സാഹനം നല്‍കിയ എന്റെ ചേട്ടന്റെ ആരാധകരോടും ഈ അവസരത്തില്‍ നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. ഒരു പാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. അതിന് ഇവിടെ സ്ഥലം തികയാതെ വരും ആയതിനാല്‍ ഒറ്റവാക്കില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ഈ ഡോക്ടറേറ്റ് നിങ്ങള്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു. 374 പേജുള്ള ഈ ഗവേഷണ പ്രബന്ധത്തില്‍ 4 അദ്ധ്യായങ്ങളാണ് ഉള്ളത്.