മീ ടൂ; നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍

single-img
20 February 2019

മീടൂ മൂവ്മെന്റിന്റെ ഭാഗമായി ലൈംഗിക ആരോപണം നേരിട്ടിട്ടുള്ള വ്യക്തിയാണ് അലന്‍സിയര്‍. ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ അലന്‍സിയറില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത് നടി ദിവ്യ ഗോപിനാഥാണ്. എന്നാല്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും, അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയണമെന്നും ദിവ്യഗോപിനാഥ് പറഞ്ഞിരുന്നു.

ഒടുവില്‍ അലന്‍സിയര്‍ ദിവ്യഗോപിനാഥിനോട് മാപ്പ് റഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. എന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം.

എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറഞ്ഞു.

നേരത്തെ, അലന്‍സിയറിനെതിരെ ജസ്റ്റിസ് ഹേമാ കമ്മീഷന്‍ മുന്‍പാകെയും പിന്നെ ഡബ്ല്യൂസിസി വഴി അമ്മയിലും ദിവ്യഗോപിനാഥ് പരാതി നല്‍കിയിരുന്നു.