‘എല്ലാവര്‍ക്കും കൂടി ഒരുമിച്ചിരുന്നു കണ്ട് സന്തോഷിച്ചു പോകാന്‍ പറ്റിയൊരു സിനിമ’; ബാലന്‍ വക്കീലിനെക്കുറിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍

single-img
20 February 2019

സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ നാളെ റിലീസിനെത്തുകയാണ്. ആരാധകര്‍ വളരെയധികം പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ് ഇത്. ഒരു ടോട്ടല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ബി ഉണ്ണികൃഷ്ണന്‍ ഒരു മുഴുനീള തമാശ സിനിമയിലേക്കു വരുന്നത് ഇതാദ്യമാണ്. ”അല്‍പ്പം ത്രില്ല്, ടെന്‍ഷന്‍ ഒക്കെയുള്ള സിനിമകള്‍ ആണ് പൊതുവേ കാണികള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള സിനിമകളാണ് കൂടുതലും ഞാന്‍ ചെയ്തിട്ടുള്ളതും. ഇതിലും ആക്ഷനും ത്രില്ലുമൊക്കെ അവശ്യത്തിനുണ്ട് പക്ഷേ, ഇതിന്റെ ഒരു കഥ രൂപപ്പെട്ടു വന്നപ്പോള്‍ അത് കോമഡി രൂപത്തിലായി എന്നു മാത്രം.”-ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ദിലീപിനെ നായകനാക്കിയതിനെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിങ്ങനെ: ഏറ്റവും സ്യൂട്ടബ്ള്‍ ആയിട്ടുള്ള ഒരു ആക്റ്ററിനെയാണ് നമ്മള്‍ ചൂസ് ചെയ്തത്. കഥ കേട്ടവരും പറഞ്ഞത് വേറൊന്നും ആലോചിക്കേണ്ട, ദിലീപ് തന്നെയാണ് ഇതിന് ഏറ്റവും പറ്റിയ നടന്‍ എന്നാണ്. അങ്ങനെയാണ് നമ്മള്‍ ദിലീപിലേക്കെത്തുന്നത്. ദിലീപ് അത് വളരെ ഭംഗിയായിട്ടു ചെയ്തിട്ടുമുണ്ട് . അദ്ദേഹത്തിന്റെ സെന്‍സ് ഓഫ് ഹ്യൂമറും ടൈമിങ്ങും ഒക്കെ ഈ കഥാപാത്രത്തിനും സിനിമയ്ക്കു മൊത്തത്തിലും വളരെ ഗുണകരമായി വന്നിട്ടുണ്ട്.”

പാസഞ്ചറും മൈ ബോസും ടൂ കണ്‍ട്രീസും വിജയിപ്പിച്ച പ്രേക്ഷകരുടെ ഇഷ്ട ജോടികളാണ് ദിലീപും മംമ്തയുമെന്നും, അതു കൊണ്ടാണ് ചിത്രത്തില്‍ മംമ്തയെ തന്നെ നായികയാക്കിയതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ദിലീപിന്റെ ഏറ്റവും നല്ല കോംപിനേഷനാണ് മംമ്ത. മംമ്ത ഞാനേറ്റവും അധികം സ്നേഹിക്കുന്ന റെസ്പ്ക്റ്റ് ചെയ്യുന്ന ഒരു ആക്റ്ററസാണ്. കാരണം മംമ്ത അവരുടെ ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെയാണ് അതിജീവിച്ചതെന്ന് നമുക്കൊക്കെ അറിയാം. സത്യം പറഞ്ഞാല്‍ മംമ്ത സര്‍വൈവലിന്റെ ഒരു പ്രതീകം തന്നെയാണ് . അവരുടെ ദിലീപിന്റെയും ഫഹദുള്‍പ്പെടെയുള്ളവരുടെയും ഒപ്പം ചെയ്ത കഥാപാത്രങ്ങളൊക്കെ തന്നെ കാമ്പുള്ളവരായിരുന്നു. അതുപോലെ തന്നെ ഒരു ഇന്‍ഡിവിജ്വാലിറ്റിയുള്ള കാരക്റ്ററാണ് ഈ സിനിമയിലും മംമ്ത ചെയ്യുന്നത്’.

ബാലന്‍ വക്കീല്‍ എന്ന കഥാപാത്രത്തെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിങ്ങനെ: ‘ഓരോ പ്രഫഷന്‍ ചെയ്യുന്നവര്‍ക്ക് അതിനാവശ്യമായ ഒരു കഴിവ് ആവശ്യത്തിലേറെ തന്നെ ഉണ്ടായിരിക്കണം. ഒരു അദ്ധ്യാപകനാണെങ്കില്‍ അയാള്‍ തികച്ചും articulate (വാചാലതയുള്ളയാള്‍) ആയിരിക്കണം. ഒരു ഡോക്റ്ററാണെങ്കില്‍ നല്ലൊരു ചികിത്സകനും രോഗികളുമായി നന്നായി ഇടപഴകാന്‍ കഴിവുള്ളവനും ആയിരിക്കണം.

ഇങ്ങനെ ഓരോ പ്രഫഷണില്‍ ഓരോ സംഗതികള്‍ ഉണ്ട്. അപ്പം ഇതില്‍, എത്ര പ്രഗത്ഭനാണെങ്കിലും ഒരു വക്കീല്‍ ശോഭിക്കണമെങ്കില്‍ അയാളുടെ നാക്ക് നന്നാവണം. പക്ഷേ, ആ ഫാക്കല്‍റ്റി തന്നെ കുഴപ്പത്തിലായ ഒരു വക്കീലാണ് ദിലീപിന്റെ ബാലന്‍ എന്നതിലാണ് ഇതിന്റെ മൊത്തം കോമഡി കിടക്കുന്നത്. കോടതിയില്‍ പറയേണ്ട കാര്യങ്ങളൊക്കെ നന്നായി അറിയാവുന്നയാളാണ് . പക്ഷേ, വിക്കല്‍ ഉള്ളതു കൊണ്ട് അതിനു കഴിയാതെ വരുമ്പോള്‍ അവിടെ സ്വാഭാവികമായിട്ട് ഉണ്ടാകുന്ന തമാശകള്‍ ആണ് ഇവിടെ വരുന്നത്.’

‘അയാള്‍ക്ക് അറിയാം അയാളുടെ പരിമിതിയെ കുറിച്ച്. ആളുകള്‍ക്കു താനൊരു പരിഹാസപാത്രമാണെന്നും. -അതറിഞ്ഞു കൊണ്ടു തന്നെ മറ്റുള്ളവര്‍ രസിക്കുന്നെങ്കില്‍ രസിക്കട്ടെ എന്നു കരുതി ധീരമായി തന്റെ വിക്കിനെ തുറന്നു പ്രകടിപ്പിച്ചു സമൂഹ മധ്യത്തില്‍ തലയുയര്‍ത്തി ജീവിക്കാന്‍ ശ്രമിക്കുകയും അത് മറ്റുള്ളവരില്‍ ചിരി ഉളവാക്കുകയും ഒടുവില്‍ തന്റെ കുറവുകളെ അതിജീവിച്ച് പരിഹസിച്ചവരെക്കൊണ്ടു തന്നെ ‘അവന്‍ മിടുക്കന്‍’ എന്നു പറയിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്.

പ്രതിസന്ധി ഉളവാക്കുന്ന ഏതു സിറ്റുവേഷനെയും ബാലന്‍ വക്കീല്‍ ലളിതമായിട്ടാണ് മറികടക്കുന്നത്. ഉദാഹരണത്തിന് കോടതിയില്‍ ഒരു കക്ഷിയുടെ പേര് ബാലന്‍ വക്കീല്‍ പറയില്ല. അത് സഹായിയെ കൊണ്ടേ പറയിക്കൂ. അയാളുടെ പേര് താന്‍ പറഞ്ഞു വരുമ്പോള്‍ മൂന്നു ദിവസമെടുക്കുമെന്നതാണ് കാരണമത്രെ. അങ്ങനെയാണെങ്കിലും അയാളുടെ ഉള്ളില്‍ അയാള്‍ക്ക് അറിയാം തന്റെ കഴിവുകള്‍ എന്തൊക്കെയാണെന്ന്.

വെറും അപകര്‍ഷതാ ബോധം മാത്രമാണ് ജീവിത വിജയത്തിനു തനിക്കു തടസ്സമാകുന്നതെന്ന്. ആ തിരിച്ചറിവിലൂടെ തന്റെ വൈകല്യത്തെ അയാള്‍ മറികടക്കുന്നതാണ് നമ്മള്‍ ഒരു കംപ്ളീറ്റ് എന്റര്‍ ടെയ്നറിലൂടെ കാണിക്കുന്നത്. ശരിക്കും പോസിറ്റീവായിട്ടാണ് പൊതുവേ ചിലര്‍ക്കുള്ള ദൗര്‍ഭാഗ്യകരമായ ഈ പരിമിതിയെ ഞാന്‍ കാണുന്നതും സിനിമയിലൂടെ കാണിക്കുന്നതും.”

മറ്റു നടീ നടന്‍മാരും വളരെ അനായാസമായി തന്നെ പ്രേക്ഷകരുടെ ഉള്ളിലേക്കു കടന്നു ചെല്ലാന്‍ പോന്ന വിധത്തിലുള്ള അഭിനയമാണ് നിര്‍വഹിച്ചിരിക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പാട്ടുകളുടെ കാര്യത്തിലും ചിത്രത്തിന്റെ സാങ്കേതിക വശങ്ങളിലും അതാതു മേഖലകളില്‍ പ്രഗത്ഭരായ കലാകാരന്‍മാര്‍ തന്നെയാണ്.

‘രാഹുല്‍ രാജും ഗോപിസുന്ദറുമാണ് കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഗോപിസുന്ദര്‍ തന്നെയാണ് പശ്ചാത്തല സംഗീതവും. പാട്ടുകള്‍ ഇതിനകം തന്നെ ഏറെപ്പേരെ ആകര്‍ഷിച്ചു കഴിഞ്ഞു. ക്യാമറ ചെയ്തിരിക്കുന്നത് അഖിലാണ്. ഷമീറാണ് എഡിറ്റര്‍.