കോടതിസമക്ഷം ബാലന്‍ വക്കീല്‍ നാളെ റിലീസിനെത്തും

single-img
20 February 2019

സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ നാളെ റിലീസ് ചെയ്യും. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്. കമ്മാരസംഭവത്തിനു ശേഷം റിലീസിനെത്തുന്ന ദിലീപ് ചിത്രം കൂടിയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍.

വമ്പന്‍ വരവേല്‍പ് നല്‍കാനാണ് ദിലീപ് ഫാന്‍സ് ഒരുങ്ങി നില്‍ക്കുന്നത്. പല കേന്ദ്രങ്ങളിലും ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വലിയ റിലീസ് തന്നെയാകും ചിത്രത്തിന്റേത്. സ്വാഭാവികമായ അഭിനയശൈലിയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ കോമഡിയില്‍ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.

ഈ വര്‍ഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. 2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്ചേര്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.