അനില്‍ അംബാനി കുറ്റക്കാരന്‍; 453 കോടി കെട്ടിവയ്ക്കണം; ഇല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി

single-img
20 February 2019

കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീംകോടതി. സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ എറിക്‌സണ് 450 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

തുക തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്ന് കാണിച്ച് അനില്‍ അംബാനി നല്‍കിയ മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളുകയും ചെയ്തു. ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, വിനീത് സഹറാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ആര്‍കോമിന്റെ രണ്ട് ഡയറക്ടര്‍മാരോട് കേസില്‍ ഒരു കോടി വീതം പിഴ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എറിക്‌സണ്‍ കമ്പനിക്ക് 550 കോടി കുടിശിക നല്‍കാനുള്ള കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഫോണ്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ച വകയില്‍ ധാരണ പ്രകാരമുള്ള തുക റിലയന്‍സ് കമ്യൂണിക്കേഷന്‍ കൈമാറിയില്ലെന്നാണ് എറിക്‌സണിന്റെ പരാതി.

2018 ഡിസംബര്‍ 15നകം എറിക്‌സണിന്റെ കുടിശ്ശിക തീര്‍ക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 23ന് സുപ്രീംകോടതി ആര്‍കോമിനോട് നിര്‍ദേശിച്ചിരുന്നു. ഇത് അവസാന അവസരമായിരിക്കുമെന്നും അന്ന് കോടതി ഓര്‍മിപ്പിക്കുകയുണ്ടായി. ഡിസംബര്‍ 15ന് പണം നല്‍കിയില്ലെങ്കില്‍ ആര്‍കോമിനെതിരെ വീണ്ടും കോടതിയലക്ഷ്യ അപേക്ഷ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.