‘കാര്യങ്ങളെല്ലാം കൃത്യവും വ്യക്തവുമാണ്’; ഇമ്രാന്‍ ഖാന് പിന്തുണയുമായി അഫ്രീദി

single-img
20 February 2019

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇമ്രാന്‍ ഖാന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച അഫ്രീദി കാര്യങ്ങള്‍ വ്യക്തമാണല്ലോ എന്നും ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും പാക് പങ്ക് തെളിയിക്കാനാവശ്യമായ യാതൊരു തെളിവും ഇന്ത്യയുടെ കൈവശമില്ലെന്നും നേരത്തെ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ തെളിവുകള്‍ നല്‍കിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

തെളിവുകളില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്നും പാക്കിസ്ഥാനെ ആക്രമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇത് പുതിയ പാകിസ്താനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

ഇത്തരം ഭീകരാക്രമണങ്ങള്‍ കൊണ്ട് പാകിസ്താന് എന്താണ് നേട്ടമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായിക്കൊണ്ടിരിക്കെ ഇത്തരമൊരു ആക്രമണത്തിന് പാക്കിസ്ഥാന്‍ തയ്യാറാവുമോ എന്നും ഇമ്രാന്‍ ചോദിച്ചിരുന്നു.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. പുല്‍വാമ ഭീകരാക്രമണം നടത്താന്‍ മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ നിന്നാണ് എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.