ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് തിരിച്ചടി

single-img
19 February 2019

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയ്ക്ക് തിരിച്ചടി. കേസില്‍ സമര്‍പ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രം തലശേരി സെഷന്‍സ് കോടതി മടക്കി. കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

സിബിഐക്കു കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമമാക്കി. കുറ്റപത്രം മടക്കിയതോടെ വിചാരണ കണ്ണൂരില്‍നിന്ന് കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം അപ്രസക്തമായി.

പി.ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഏതു കോടതിയാണു കുറ്റപത്രം പരിഗണിക്കേണ്ടത് എന്നു തീരുമാനിച്ചതിനു ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്നാണു സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള അവസരം കോടതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ പി ജയരാജന്‍ ഹാജരാകാതെ അവധി അപേക്ഷ നല്‍കുകയാണ് ചെയ്തത്.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതിനാല്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്റെ പൂര്‍ണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയില്‍ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദിന്റെ ആവശ്യം.

മുസ്ലീംലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.