ലേലം റദ്ദാക്കി; പ്രീത ഷാജിയുടെ വീടും പുരയിടവും തിരിച്ചുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

single-img
19 February 2019

ബാങ്ക് വായ്പക്ക് ജാമ്യം നിന്ന് കുടിയിറക്ക് ഭീഷണിയിലായ പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43.53 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.

ഡെറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞു നടത്തിയ ലേല വില്‍പനയ്ക്കു നിയമസാധുതയില്ലെന്ന് ആരോപിച്ച് എം.വി. ഷാജി സമര്‍പ്പിച്ച ഹര്‍ജിയാണ് ഉത്തരവ്. ബാങ്കിന് നല്‍കാന്‍ നിര്‍ദേശിച്ച തുക ഒരു മാസത്തിനകം കെട്ടി വയ്ക്കണമെന്നാണ് നിര്‍ദേശം.

അതിന് കഴിയാതെ വന്നാല്‍ ബാങ്കിന് പുതിയ നിയമ നടപടിക്രമങ്ങള്‍ തുടങ്ങാമെന്നും ചീഫ് ജസ്റ്റിസ് ഋഷികശ് റോയ്, ജസ്റ്റിസ് എ.കെ. നമ്പ്യാര്‍ എന്നിവരുടെ ഡിവഷനല്‍ ബഞ്ചിന്റെ ഉത്തരവിലുണ്ട്. ഒരു ലക്ഷം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിക്കും ഭര്‍ത്താവ് എം.വി. ഷാജിക്കും 2009 മാര്‍ച്ച് 31നു നിലനിന്ന വായ്പാ കുടിശിക എത്രയെന്ന് അറിയിക്കാന്‍ ബാങ്ക് അധികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവ് 2005 ജൂണ്‍ 10നായിരുന്നു. 2014 ഫെബ്രുവരി 24 നാണു വസ്തുവിന്റെ ലേല വില്‍പന നടന്നത്. ചട്ടപ്രകാരം ലേലവില്‍പനയ്ക്ക് അനുവദനീയ സമയപരിധി 2009 മാര്‍ച്ച് 31നു കഴിഞ്ഞെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്.

1994 ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപക്ക് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലാണ് ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പലിശയടക്കം ഇത് 2.7 കോടിയായി ഉയര്‍ന്നിരുന്നു.