കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും

single-img
19 February 2019

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. കാസര്‍കോട് ഡിസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ചയാണ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത് വിവാഹിതനായത്. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. തിരുവനന്തപുരത്തും ഹരിപ്പാടും നടത്താനിരുന്ന വിവാഹ സത്കാരം മാറ്റി വച്ചാണ് കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് ഇവര്‍ ഏറ്റെടുത്തത്.

കൃപേഷിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന തണല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും വീട് നിര്‍മിച്ചു നല്‍കുക. കൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഓരോ കോണ്‍ഗ്രസുകാരന്റെയും ബാധ്യതയാണെന്നും അതിനാലാണ് അടച്ചുറപ്പുളള വീടെന്ന കൃപേഷിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ഹൈബി പറഞ്ഞിരുന്നു.

ഇതിനിടയിലാണ് കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിച്ചത്. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.

കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍ കേരളത്തിന്റെ ഉള്ളുലയ്ക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍. അമ്മയും രണ്ടുസഹോദരിമാരുമടങ്ങുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയും കൃപേഷിലായിരുന്നു.