കാസര്‍കോട് ഇരട്ടക്കൊലപാതകം: പാര്‍ട്ടിയുടെ പങ്ക് സമ്മതിച്ച് കോടിയേരി

single-img
19 February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട്ടുണ്ടായത്. സിപിഎം പ്രവര്‍ത്തകര്‍ ഒരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുത്.

പെരിയ ഇരട്ടക്കൊലയ്ക്കു ശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണപിന്തുണ നല്‍കും. ഹര്‍ത്താലിന്റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്തു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

അതേസമയം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തനെ കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു. കുഞ്ഞനന്തനെ കേസില്‍ തെറ്റായി പ്രതി ചേര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞനന്തനെതിരെ കേസെടുത്തതും പ്രതി ചേര്‍ത്തതും യുഡിഎഫ് ഭരണകാലത്താണെന്ന് ഓര്‍ക്കണമെന്നു പറഞ്ഞ കോടിയേരി കേസിലെ മറ്റൊരു പ്രതിയായ കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും ആവര്‍ത്തിച്ചു. പേരിനൊപ്പം കൊടിയെന്നുള്ളതുകൊണ്ട് അയാള്‍ സിപിഎം അംഗമാണെന്ന് ആരൊക്കെയോ ചേര്‍ന്ന് തീരുമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.