ഫേസ്ബുക്കില്‍ വൈറലായി കരിങ്കോഴി കമന്റ്; കരിങ്കോഴിക്ക് പിന്നിലെ രഹസ്യം ഇതാണ് !

single-img
19 February 2019

സോഷ്യല്‍ മീഡിയയില്‍ രണ്ട് ദിവസമായി കരിങ്കോഴി ട്രോളുകളാണ് ‘പറക്കുന്നത്’. കരിങ്കോഴിയെ കണ്ടാല്‍ ഉടന്‍ റിയാക്ഷന്‍ കിട്ടും എന്നതാണ് പുതിയ ഫേസ്ബുക്ക് ട്രെന്റ്. ഫോട്ടോ കമന്റ് ഓപ്ഷന്‍ കൊടുത്ത ഒട്ടുമിക്ക വാര്‍ത്താ, സെലിബ്രിറ്റി, വൈറല്‍ പോസ്റ്റകള്‍ക്ക് താഴെയായി ‘കരിങ്കോഴി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക’ എന്ന പോസ്റ്റര്‍ നമ്പര്‍ സഹിതം പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് കരിങ്കോഴി ഫെയ്‌സ്ബുക്കിലെ പുതിയ ട്രെന്‍ഡായി മാറിയത്. നേരത്തെ പലരുടെയും കമന്റ് ബോക്‌സില്‍ കണ്ടിരുന്ന പോസ്റ്റ് വൈറലായത് ഇങ്ങനെയാണ്.

അഡാര്‍ ലൗവ് സംവിധായകന്‍ ഒമര്‍ ലുലുവാണ് കരിങ്കോഴി പോസ്റ്റ് ആദ്യമായി പോസ്റ്റ് ചെയ്യുന്നത്. തന്റെ പടത്തിന്റെ ഡീഗ്രേഡിംഗിനെതിരെയായിരുന്നു ഒമറിന്റെ കരിങ്കോഴി പ്രയോഗം. ഒമര്‍ ലുലുവില്‍ തുടങ്ങി ഇപ്പോള്‍ ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്കുകളും ഫോളോവേഴ്‌സുവുമുള്ള ആളുകളുടെയെല്ലാം പോസ്റ്റിന് ചുവട്ടില്‍ ഈ കരിങ്കോഴി പോസ്റ്റ് കാണാം.

എന്നാല്‍ ഇത് വെറുമൊരു ട്രോളല്ല. ശരിക്കും ഇതെന്റെ ജീവിതമാണെന്ന് ഈ പോസ്റ്റിന്റെ മുതലാളി മണ്ണാര്‍ക്കാട് തച്ചനാട്ടുകര സ്വദേശി അബ്ദുള്‍ കരീം പറയുന്നു. തന്റെ കടയ്ക്ക് മുന്നില്‍ വച്ച ഫ്‌ലെക്‌സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കരീം തന്നെയാണ്. പിന്നീട് ഈ ഫോട്ടോ രണ്ട് സുഹൃത്തുക്കളുടെ പോസ്റ്റില്‍ ഫോട്ടോ കമന്റാക്കി ഇട്ടു. ഇതാണ് പിന്നീട് പ്രചരിച്ച് ട്രോളായി മാറിയത് എന്നാണ് കരീം പറയുന്നത്.

ഇപ്പോള്‍ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കരീമിന്റെ ഫോണില്‍ കോളുകള്‍ ഒഴിയുന്നില്ല. ആളുകള്‍ നിരന്തരം വിളിക്കുന്നു. ചിലര്‍ പോസ്റ്റിന്റെ പേരില്‍ തെറി പറയുന്നു. എന്നാല്‍ ഇത് കൊണ്ട് കച്ചവടവും നടക്കുന്നുണ്ട്. അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്. എന്നാല്‍ ഭൂരിഭാഗവും തെറി വിളിക്കാനാണ് വിളിക്കുന്നെങ്കിലും ലഭിക്കുന്ന കച്ചവടത്തില്‍ തൃപ്തനാണെന്ന് കരീം പറയുന്നു.

എന്താണ് കരിങ്കോഴി എന്ന് അറിയാനും ഒട്ടനവധിപ്പേര്‍ കരീമിനെ വിളിക്കുന്നുണ്ട്. ഇന്ത്യയില്‍ ജി.ഐ ടാഗുള്ള പ്രത്യേക സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന ജീവിയാണ് കരിങ്കോഴി. ഈ പട്ടികയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കരിങ്കോഴിയെ പെടുത്തിയത് 2018 ലാണ്.

ആയുര്‍വേദ മരുന്നുകളിലും മറ്റും ഉപയോഗിക്കുന്ന കരിങ്കോഴി മാംസത്തിന് ഏറെ ഔഷധഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രോട്ടീന്‍ സമ്പന്നമായ കറുത്തനിറത്തിലുള്ള ഇറച്ചിയാണ് കരിങ്കോഴിക്ക്. എന്തായാലും പരസ്യം ഹിറ്റായ സ്ഥിതിക്ക് കരിങ്കോഴികള്‍ തീര്‍ന്നുവെന്നും ചിലര്‍ പോസ്റ്ററുകളിടുന്നു.