ചെലവ് ചുരുക്കുമെന്ന് സര്‍ക്കാര്‍ വീമ്പു പറയുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗമില്ലാത്ത പരിപാടികള്‍ നടത്തി പണം കളഞ്ഞ് ആരോഗ്യവകുപ്പ്

single-img
19 February 2019

പ്രളയാനന്തര കേരളത്തെ കെട്ടിപ്പെടുക്കാന്‍ മുണ്ടു മുറുക്കി നടക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. സ്‌കൂള്‍ കലോത്സവത്തിലും കായികമേളയിലും ചലച്ചിത്ര മേളയിലും എല്ലാം ഇത് നടപ്പാക്കി. എന്ത് വന്നാലും ചെലവ് ചുരുക്കുമെന്ന് സര്‍ക്കാര്‍ വീമ്പു പറഞ്ഞു. പക്ഷേ സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് മാത്രം ഇതൊന്നും ബാധകമല്ല.

ഇപ്പോള്‍ ആരോഗ്യ വകുപ്പിലാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗമില്ലാത്ത പരിപാടികള്‍ നടത്തി പണം കളയുന്നത്. ആയുഷ് വകുപ്പ് സംഘടിപ്പിച്ച ആദ്യ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവിനു പിന്നാലെ 25, 26 തിയതികളില്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ ഇന്റര്‍നാഷ്ണല്‍ ‘ചൈല്‍ഡ് ഹെല്‍ത്ത് സമ്മിറ്റാണ്’ സംഘടിപ്പിച്ചിരിക്കുന്നത്.

ഈ പരിപാടിയെക്കുറിച്ച് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുപോലും വ്യക്തതയില്ല. ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങളില്‍ അറിയിപ്പു പോലും നല്‍കിയിട്ടില്ല എന്നാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാരെ പരിപാടിക്കെത്തിക്കുമ്പോള്‍ ജനപങ്കാളിത്തം ഉണ്ടാവില്ലല്ലോ എന്ന് ചോദിച്ച ഉദ്യോഗസ്ഥരോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിച്ചാല്‍ മതി എന്നായിരുന്നു ആരോഗ്യ വകുപ്പിലെ ഉന്നതര്‍ മറുപടി നല്‍കിയത്.

ഈ പരിപാടിക്കായി ലക്ഷങ്ങളാണ് ആരോഗ്യ വകുപ്പ് ചിലവഴിക്കുന്നത്. മാസ്‌ക്കറ്റ് ഹോട്ടലില്‍ പരിപാടി സംഘടിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഡോക്ടര്‍മാരുടെ ഫ്‌ളൈറ്റ് ടിക്കറ്റും ചിലവും ഉള്‍പ്പെടെ വലിയ തുക ചിലവഴിക്കേണ്ടി വരും. എന്‍ആര്‍എച്ച്എമ്മിലെ ഉദ്യോഗസ്ഥരാണ് പരിപാടിയുടെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

പക്ഷേ സര്‍ക്കാര്‍ പരിപാടിയല്ലേ എന്നു കരുതി ഒരുവഴിപാടായി മാത്രം പണം ചെലവാക്കുകയാണ്‌ ചില ഉദ്യോസ്ഥര്‍ ചെയ്യുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയാകട്ടെ വിവിധ പരിപാടികള്‍ ഉദ്ഘാടനം നടത്തി ഫോട്ടോയെടുത്ത് നടക്കുകയല്ലാതെ സ്വന്തം വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതു പോലുമില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ആയുഷ് വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച ആദ്യ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവിലും ധൂര്‍ത്ത് നടന്നുവെന്നാണ് വിവരം. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സ്‌പെഷ്യല്‍റ്റി ചികിത്സാരീതികള്‍ ലോകത്തിനു പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

2000 പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ ഈ പരിപാടികൊണ്ട് പൊതുജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടായി എന്നാണ് ചില ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ആയിരത്തിലധികം ആളുകള്‍ ഇരിക്കുന്ന കനകക്കുന്നില്‍ കഴിഞ്ഞ ദിവസം 100ല്‍ താഴെ ആളുകള്‍ മാത്രമാണ് ആയുഷ് വകുപ്പിന്റെ പരിപാടി കാണാന്‍ എത്തിയത്. വലിയ പബ്ലിസിറ്റി നല്‍കിയിട്ടും പൊതുജന പങ്കാളിത്തം ഇല്ലാതായത് ആരോഗ്യ വകുപ്പിലും ചര്‍ച്ചയായിട്ടുണ്ട് എന്നാണ് വിവരം.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത ഇത്തരം പരിപാടികള്‍ നടത്താതെ ആശുപത്രികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ചികിത്സ കിട്ടാതെ വലയുന്ന പാവപ്പെട്ട രോഗികള്‍ക്കും ഈ തുക വിനിയോഗിക്കണമെന്നാണ് ആരോഗ്യ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

പരസ്യങ്ങള്‍ക്കും മറ്റുമായി സര്‍ക്കാര്‍ വന്‍ തുക ചെലവഴിക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ആരോഗ്യ വകുപ്പും അനാവശ്യ ചെലവുകള്‍ ഖജനാവില്‍ നിന്നും നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുന്നുണ്ട്.