ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി: സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

single-img
19 February 2019

തിരുവനന്തപുരം: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ കേസില്‍ ഇടപെട്ടത്.

പൊലീസ് അന്വേഷണത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട് തേടിയത്. നോര്‍ത്ത് എഡിജിപിയുടെ തസ്തിക ഏട്ടുമാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണെന്നു രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയതെന്ന് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ഇതുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം ചോരക്കളി അവസാനിപ്പിക്കണം. കേരളാ പോലീസ് അന്വേഷിച്ചാല്‍ ഡമ്മി പ്രതികളെയേ കിട്ടൂവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവത്തെ കുറിച്ച് സി പി എം നേതൃത്വതത്തിന് അറിവുണ്ട്. അല്ലെങ്കില്‍ അങ്ങനൊരു കൊലപാതകം അവിടെയുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ സി പി എം ന്യായീകരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ടി പി കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.